പ്രളയദുരന്തം നേരിട്ട ജനങ്ങൾക്ക് ആശ്വാസം നൽകാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനർനിർമ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തർന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്.

സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് വലിയ തോതിൽ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കമ്പോളത്തിൽ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോൾ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. പരിധി ഈ തോതിൽ ഉയർത്തിയാൽ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തിൽനിന്ന് സമാഹരിക്കാൻ കഴിയും.

പശ്ചാത്തല സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉൾപ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാർഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വർഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.

ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമ്മാണം എന്നിവ ചർച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകൾക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാണ്. ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാൽ, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി വായ്പാ കുടിശ്ശിക പിരിക്കാൻ ശ്രമിച്ച പരാതികളും ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളിൽനിന്ന് അവർ പിന്തിരിയണം. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വീകരിക്കണം.

യു.എ.ഇ സർക്കാർ 700 കോടി രൂപ നൽകും

യു.എ.ഇയിൽനിന്ന് 700 കോടി രൂപ സഹായമായി നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം അബുദാബി ക്രൗൺ പ്രിൻസും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തോടും യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിൻ സയദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവർക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകൾ നേരാൻ കിരീടവകാശിയെ സന്ദർശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യു.എ.ഇ സർക്കാർ അറിയിച്ചത്.

മലയാളികളും ഗൾഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനിൽക്കുന്നുണ്ട്. മലയാളികൾക്ക് ഗൾഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നത്.