നാട് നേരിട്ട പ്രളയത്തിന്റെ രൂക്ഷതയും പ്രളയത്തെ അതിജീവിച്ച കേരള മാതൃകയും വെളിപ്പെടുത്തി കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ  തെരുവുനാടകം ജില്ലയില്‍ അരങ്ങേറി. പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിയ്ക്കും ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രചരണത്തിനായാണ് അതിജീവനത്തിന്റെ പാതയില്‍ എന്ന നാടകം അവതരിപ്പിച്ചത്. നാടന്‍പാട്ട്, ചൊല്ലിയാട്ടം, കൃഷിപ്പാട്ട്, വായ്ത്താരി തുടങ്ങിയവയും ഉള്‍പ്പെടുത്തിയ  15 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ഇന്നലെ (സെപ്റ്റംബര്‍27) ജില്ലയിലെ നാലിടങ്ങളില്‍ അവതരിപ്പിച്ചു. കളക്‌ട്രേറ്റ് അങ്കണത്തില്‍ നടന്ന നാടകാവതരണം ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക വിഭാഗമായ  രംഗശ്രീയിലെ കലാകാരികളായ പ്രിയ ജോഷി കാവാലം, മണി വള്ളികുന്നം, വത്സല ചെറിയാന്‍ ചെങ്ങന്നൂര്‍, വത്സല മണ്ണഞ്ചേരി, വത്സല ചുനക്കര, രാധ ശശി എടത്വ, പ്രസന്ന പാണാവള്ളി എന്നിവരാണ് നാടകത്തില്‍ വേഷമിടുന്നതും രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളതും. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്  സുമ മുട്ടാറാണ്. നാടകത്തിന്റെ  ഇന്നത്തെ (സെപ്റ്റംബര്‍ 28) ആദ്യാവതരണം രാവിലെ 9.30 ന് പാല കൊട്ടാരമറ്റം ബസ്റ്റാന്‍ഡിനു സമീപം നടക്കും.തുടര്‍ന്ന് ഏറ്റുമാനൂര്‍, കറുകച്ചാല്‍ എന്നിവിടങ്ങളിലും അരങ്ങേറുന്ന നാടകം വൈകിട്ട് ചങ്ങനാശ്ശേരിയില്‍ സമാപിക്കും.