വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് അറുതിവരുത്താന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വന്യമൃഗ ശല്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ 24 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ഈ തുക മുടക്കി റെയില്‍ ഫെന്‍സിംഗ് പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ബേഗൂര്‍ റെയിഞ്ചിലെ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെയുള്ള ആറു കിലോ മീറ്റര്‍ ദൂരത്തില്‍ വേലി കെട്ടും. വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ ജില്ലയില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതോടൊപ്പം വളര്‍ത്തു മൃഗങ്ങള്‍, സ്വത്തുവകകള്‍ എന്നിവയ്ക്കും നിരന്തരം നഷ്ടം സംഭവിച്ചിരുന്നു. ഇതിനു പരിഹാരമായാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് വിശദമായ പദ്ധതി രേഖ സര്‍ക്കാരിനു സമര്‍പ്പിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദരുടെ കമ്മിറ്റി രൂപീകരിച്ചാണ് അനുമതി നല്‍കുന്നത്. ജില്ലയില്‍ ആകെ 16 കിലോമീറ്റര്‍ ദൂരമാണ് പദ്ധതി വഴി പ്രവൃത്തികള്‍ നടപ്പിലാക്കുക. നിയമസഭയില്‍ ചേര്‍ന്ന വന്യമൃഗ ശല്യം അനുഭവപ്പെടുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എം.എല്‍.എമാരുടേയും യോഗ തീരുമാന പ്രകാരമാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കുന്നത്.
