ദേശീയ ആരോഗ്യദൗത്യവും ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടേയും ആഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കായി നേത്രപരിശോധനയും പുനരധിവാസ പരിശീലനവും നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ. പി ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ജയശ്രീ, ഡെ. ഡി.എം.ഒ ആര്‍. ശെല്‍വരാജ്, ആര്‍.എം.ഒ ഡോ.സിന്ധു, നഴ്‌സിംഗ് സൂപ്രണ്ട് രാധാമണി, ഡോ.ഗീത വി.കെ.പി (ഒഫ്താല്‍മോളജിസ്റ്റ്, ജില്ലാ ആശുപത്രി), ഡോ. സനിത (പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ്, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നിലവില്‍ മെഡിക്കല്‍ കോളേജുകളിലും സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലും മാത്രം സൗകര്യം ലഭ്യമായിട്ടുള്ള പരിശോധന ജില്ലയുടെ പ്രത്യേക സംരംഭമായാണ് സംഘടിപ്പിച്ചത്.