ഗ്രീന്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ എന്ന വിഷയത്തില്‍ സംശയ നിവാരണത്തിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ബ്ലോക്ക് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജയ മുരളി ഉദ്ഘാടനം ചെയ്തു. ശുചിത്വ മേഖലയില്‍ ഇനിയും മുന്നേറാനുണ്ടെന്നും, ആരോഗ്യമുള്ള ഒരു സമൂഹത്തെ നിര്‍മ്മിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് ക്ലാസെടുത്തു. പ്രകൃതി സൗഹാര്‍ദ്ദവും ആരോഗ്യപരവുമായ ജീവിത്തിലേക്കുള്ള മടക്കയാത്രയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിത സംസ്‌കാരത്തില്‍ വന്ന വലിയമാറ്റം മാലിന്യ സംസ്‌കരണത്തേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ മാറ്റം ആരോഗ്യ മേഖലയെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ജില്ലയിലെ 76 ശതമാനം സ്ത്രീകളും പ്ലാസ്റ്റിക് കത്തിക്കുന്നവരാണെന്നാണ് ഹരിത കേരള മിഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഒരിക്കലും മനുഷ്യന്റെ ശത്രുവല്ല, മറിച്ച് ഉപയോഗിക്കാന്‍ അറിയാത്തതാണ് പ്രശ്‌നം. പ്ലാസ്റ്റിക് ഉപയോഗം മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. ഉപയോഗം കുറയ്ക്കുകയാണ് ശരിയായ മാര്‍ഗം. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ യന്ത്രങ്ങള്‍ വാങ്ങിയതു കൊണ്ടുമാത്രമായില്ല. പ്ലാസ്റ്റിക്കടക്കമുള്ള അജൈവ മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.
പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍, ജോയിന്റ് ബി.ഡി.ഒമാരായ എ. കരീം, സേവ്യര്‍ ജോണ്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് ജീവനക്കാര്‍, ഘടക സ്ഥാപനത്തിലെ ജീവനക്കാര്‍, സര്‍വ്വീസ് സ്‌കീം (ആര്‍.ഡി) ഏജന്റുമാര്‍, സാക്ഷരതാ മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.