ബാണാസുര മലനിരകള്‍ നിത്യവും മുഖം മിനുക്കി ആത്മസായൂജ്യം നുകരുന്ന വിശാല ജലാശയം, ഓളപ്പരപ്പുകള്‍ക്കിടയിലെ 28 മൊട്ടക്കുന്നുകളില്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളില്‍ വിരുന്നെത്തുന്ന ദേശാടനപക്ഷികള്‍….. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണണയ്ക്കു മുകളില്‍ നിന്ന് വിദൂരതയിലേക്ക് ഒളികണ്ണിടുന്ന വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നതു പകരം വയ്ക്കാനില്ലാത്ത ആനന്ദവും… കല്‍പ്പറ്റയ്ക്കടുത്ത് പടിഞ്ഞാറത്തറയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ അണക്കെട്ട് കേരള ടൂറിസത്തിന്റെ വയനാടന്‍ തലയെടുപ്പാണെന്നുറപ്പിച്ചു പറയാം. വൈദ്യുതി ഉല്‍പാദനവും ജലസേചനവും ലക്ഷ്യമിട്ട് ആരംഭിച്ച ബാണാസുരസാഗര്‍ പദ്ധതി പ്രദേശം പിന്നീട് ഹൈഡല്‍ ടൂറിസം കേന്ദ്രമാക്കി മാറ്റുകയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല വൈദ്യുതി വകുപ്പിന്. വയനാടിന്റെ ടൂറിസം ഭൂപടത്തിലേക്ക് ഒടുവിലെത്തിയ ബാണാസുര സാഗര്‍ ഓളപ്പരപ്പില്‍ വെട്ടിത്തിളങ്ങുകയാണ്. സ്വദേശികളും വിദേശികളുമായി ആയിരങ്ങളെത്തുന്നു. പടിഞ്ഞാറത്തറയില്‍ നിന്ന് മൂന്നു കിലോമീറ്ററോളം പിന്നീടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. ഹൈഡല്‍ ടൂറിസം ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാദ്ധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. ഓളപ്പരപ്പുകളിലൂടെ ബോട്ടില്‍ മുന്നേറുമ്പോള്‍ അകലങ്ങളില്‍ അനേകം തുരുത്തുകളും അവയോടു ചേര്‍ന്നുള്ള കാനനക്കാഴ്ചകളും തേക്കടിയുടെ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്.
പ്രകൃതിസന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം. സ്വാഭാവികത മാത്രം മുതല്‍ക്കൂട്ടാവുന്ന ചോലവനങ്ങളും മലനിരകളും ജൈവ മേഖലകളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്ന താഴ്വാരങ്ങള്‍ ബോട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയിലെ സുന്ദരകാഴ്ചകളാവും. കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന കുന്നിനു മുകളില്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന തരത്തില്‍ ഹോവര്‍ക്രാഫ്റ്റ്, റോപ് വേ തുടങ്ങിയവ ഏര്‍പ്പെടുത്തുന്നത് ഹൈഡല്‍ ടൂറിസത്തിന്റെ പരിഗണനയിലാണ്. ഇതിനായി 135.80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ബാണാസുര മലനിരകള്‍. സമുദ്രനിരപ്പില്‍നിന്ന് 2800ലധികം അടി ഉയരത്തിലേക്കുള്ള മലഞ്ചെരിവുകളിലൂടെ സാഹസികത നിറയുന്ന പാറക്കെട്ടുകള്‍ താണ്ടാനും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. മൊതക്കര – നാരോക്കടവ് വഴിയാണ് ബാണാസുരമലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകളെ വെല്ലുവിളിക്കാം. പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരിയില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇക്കോ ടൂറിസം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവയുടെ കൂട്ടത്തില്‍ ഈ മലനിരകളെ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ പ്രതീക്ഷയായത്. ചുരമില്ലാതെ ഇതുവഴി ലക്ഷ്യമിടുന്ന പൂഴിത്തോട് റോഡിന്റെ സാക്ഷാല്‍ക്കാരമാണ് ഈ വിനോദസഞ്ചാരകേന്ദ്രത്തിനു മുതല്‍ക്കൂട്ടാവുക. കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ വനപാത.
2006 സെപ്റ്റംബര്‍ 24നാണ് ബാണാസുരസാഗറില്‍ ഹൈഡല്‍ ടൂറിസം തുടങ്ങിയത്. ആരംഭഘട്ടത്തില്‍ രണ്ടു സ്പീഡ് ബോട്ടുകളാണുണ്ടായിരുന്നത്. 2012-ല്‍ നാലു ബോട്ടുകളായി. നിലവില്‍ ഏഴു സ്പീഡ് ബോട്ടുകള്‍ ഇവിടെയുണ്ട്. അഞ്ചുപേര്‍ക്ക് 15 മിനിറ്റ് റിസര്‍വോയറിലൂടെ സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടിന് 900 രൂപയാണ് ഈടാക്കുന്നത്. 20 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ ബോട്ടും ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസത്തിന്റെ പ്രത്യേകതയാണ്. അരമണിക്കൂറിന് 1900 രൂപ നല്‍കണം. 30 രൂപയാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്. കുട്ടികള്‍ക്ക് 10 രൂപ നല്‍കിയാല്‍ മതിയാവും. വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലറ്റുകള്‍, മില്‍മ പാര്‍ലറുകള്‍, കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ആരംഭഘട്ടത്തില്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം സഞ്ചാരികള്‍ മാത്രമെത്തിയിരുന്ന സ്ഥാനത്ത് 2011-12 വര്‍ഷം മൂന്നുലക്ഷത്തോളം പേരെത്തി. 2016-17 വര്‍ഷം ഇത് ഏഴുലക്ഷത്തിനു മുകളിലാണ്.

ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍പാടം
രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍പാടമാണ് ബാണാസുരസാഗറിലെ പ്രധാന ആകര്‍ഷണം. മണ്ണണയ്ക്കു മുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് തണല്‍വിരിക്കും വിധത്തില്‍ സംവിധാനിച്ച സോളാര്‍ പാനല്‍ മറ്റൊരു പ്രത്യേകതയാണ്. കരയിലെ പ്രവൃത്തികള്‍ കെല്‍ട്രോണും വെള്ളത്തിലെ പ്രവൃത്തികള്‍ തിരുവനന്തപുരം ആസ്ഥാനമായ ആഡ് ടെക് സിസ്റ്റവുമാണ് കരാറുകാറെടുത്തത്. 20 മീറ്ററോളം വെള്ളം താഴുകയും ഉയരുകയും ചെയ്യുന്ന ഡാം റിസര്‍വോയറില്‍ ഇതിനനുസരിച്ച് പാനല്‍ ഉയരാനും താഴാനുമുള്ള ആങ്കിംഗ് സംവിധാനത്തോടെയാണ് ഒഴുകുന്ന സോളാര്‍ പാടം. വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റിലാണ് പാനലുകള്‍. കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വെള്ളത്തില്‍ സ്ഥാപിക്കുകയായിരുന്നു. റിസര്‍വോയറില്‍ 1.25 ഏക്കറില്‍ വിതാനിച്ചിരിക്കുന്ന സോളാര്‍ പാടത്തുനിന്ന് പ്രതിദിനം ശരാശരി 2500 യൂണിറ്റ് വൈദ്യുതി ലഭിക്കും. പ്രതിവര്‍ഷം 15,000 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനല്‍ 110 സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്ത് സ്ഥാപിച്ച് വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്ത് വിജയം കണ്ടതിനെ തുടര്‍ന്നാണ് 500 കിലോവാട്സ് പ്രതിവര്‍ഷം (ആറുലക്ഷം യൂണിറ്റ്) പാനല്‍ നിര്‍മിക്കാന്‍ കെ.എസ്.ഇ.ബി 9.25 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത്. ഡാമിലെ വെള്ളം നീരാവിയായി നഷ്ടമാകുന്നത് തടയാനും തണലില്ലാതെ വെയില്‍ ലഭിക്കുന്നതുകാരണം സൗരോര്‍ജ ഉല്‍പാദനം വര്‍ധിക്കുമെന്നതിനാലും സോളാര്‍ പാനലുകള്‍ക്ക് മാത്രമായി ഭൂമി കണ്ടെത്തേണ്ടതില്ലെന്നതുമാണ് ഒഴുകും സൗരോര്‍ജ പദ്ധതിക്ക് ഗുണകരമായത്. അണക്കെട്ടിന് മുകളിലെ റോഡിന് പന്തലൊരുക്കിക്കൊണ്ട് 280 മീറ്ററോളം ദൂരത്തിലാണ് 400 കിലോവാട്സ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സംവിധാനിച്ച പാനലുകളുള്ളത്. പ്രതിദിനം 2000 യൂണിറ്റ് വൈദ്യുതി ഇതില്‍ നിന്നും ലഭിക്കും. 1200 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2005ല്‍ കമ്മീഷന്‍ ചെയ്ത ബാണാസുര ജലവൈദ്യുത പദ്ധതിയിലൂടെ ഇതിനോടകം 1000 കോടി രൂപയോളം സര്‍ക്കാരിന് വൈദ്യുതി വഴി ലാഭം ലഭിച്ചു. ടൂറിസം വഴിയും കോടികള്‍ ഹൈഡല്‍ ടൂറിസത്തിനും ലഭിച്ചിട്ടുണ്ട്.

സാഹസിക സഞ്ചാരികള്‍ക്കായി സിപ് ലൈന്‍
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി വയനാട് ഒരുക്കിവച്ചിരിക്കുന്ന നിരവധി വിനോദങ്ങള്‍ക്ക് ഒപ്പംചേരുകയാണ് ബാണാസുരസാഗറിലെ സിപ് ലൈന്‍. സാഹസിക വിനോദസഞ്ചാര മേഖലയിലെ ദക്ഷിണേന്ത്യയിലെ തന്നെ പ്രഗത്ഭരായ ‘മഡി ബൂട്‌സ് വെക്കേഷന്‍’ ആണ് ലോകോത്തര നിലവാരത്തില്‍ സിപ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. മലബാറിലെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈനിന് 400 മീറ്ററാണ് നീളം. ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ച് ഒന്നരമാസം മുമ്പാണ് പ്രവൃത്തികളാരംഭിച്ചത്. കഴിഞ്ഞ ദിവസം സി കെ ശശീന്ദ്രന്‍ എംഎല്‍എ ആദ്യ യാത്ര നടത്തി ഉദ്ഘാടനം ചെയ്തു. ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിനു പ്രതിമാസം ശരാശരി മൂന്നു ലക്ഷത്തോളം രൂപ ഇതുവഴി വരുമാനം ലഭിക്കും. വയനാട്ടിലെ ടൂറിസം അനുഭവങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതിനൊടൊപ്പം സിപ് ലൈന്‍ പദ്ധതി സര്‍ക്കാരിന്റെ മലബാര്‍ ടൂറിസം വികസന പദ്ധതികള്‍ക്കും ഊര്‍ജം പകരും. ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ ഭാഗമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് പദ്ധതി പ്രവര്‍ത്തനം.

ബാണാസുരയിലെ മല്‍സ്യസമ്പത്ത്
സ്വദേശിയും വിദേശിയുമായ നിരവധി ഇനം മല്‍സ്യങ്ങളുടെ കലവറയാണ് ബാണാസുരസാഗര്‍ റിസര്‍വോയര്‍. ജലാശയത്തില്‍ കോമ്പിയാന്‍ ഭാഗത്ത്, നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ‘ചേറ്’ മല്‍സ്യങ്ങളുടെ ചാകരയാണ്. വാളയും ചെമ്പല്ലിയും സുലഭം. ജലോപരിതലത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിക്കുന്ന മല്‍സ്യമായതിനാല്‍ തന്നെ വലയില്‍ കുടുങ്ങിയാല്‍ അധികനേരം ചേറ് മല്‍സ്യം ജീവിച്ചിരിക്കില്ല. റിസര്‍വോയറിന് സമീപം താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ ഇഷ്ടവിഭവമാണിത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാസ്‌കാര്‍പ്, ചെമ്പല്ലി, കട്‌ല, രോഹു എന്നീ ഇനങ്ങളിലുള്ള മല്‍സ്യക്കുഞ്ഞുങ്ങളെ വര്‍ഷാവര്‍ഷം റിസര്‍വോയറില്‍ നിക്ഷേപിക്കാറുണ്ട്. ഇവ വിളവെടുക്കുന്നതിന് സംവിധാനമില്ലാത്തതായിരുന്നു ആദ്യകാലങ്ങളില്‍ നേരിട്ട പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാനായി ആദിവാസി സൊസൈറ്റി രൂപീകരിച്ചു. ഡാമില്‍ നിന്നു മല്‍സ്യബന്ധനം നടത്തുന്നവരെ സഹായിക്കാനായി രൂപീകരിച്ച സൊസൈറ്റിയില്‍ 90 അംഗങ്ങളാണു നിലവിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും കുട്ടത്തോണികളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കി. എന്നാല്‍, അനധികൃത മല്‍സ്യബന്ധനം സജീവമായതോടെ ഡാം അധികൃതര്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയത് തിരിച്ചടിയായി. മീന്‍ പിടിക്കുന്നതിനിടെ ഒട്ടേറെ ആളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനധികൃതമായി ഡാമില്‍ പ്രവേശിക്കുന്നതു വിലക്കി. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ട് സര്‍വീസുകള്‍ ഉള്ളതിനാലും മര്‍മ പ്രധാനമായ പല ഭാഗങ്ങളുമുള്ളതിനാലും നിശ്ചിത സമയത്തും നിശ്ചിത സ്ഥലങ്ങളിലും മാത്രമേ മീന്‍ പിടിക്കാന്‍ വല സ്ഥാപിക്കാന്‍ പാടുള്ളു എന്നാണ് വ്യവസ്ഥ.