കൊച്ചി: ഒ.പി.ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍ ടോക്കണ്‍ മിഷ്യന് മുന്നില്‍ ക്ഷമയോടെ രോഗികള്‍ കാത്തിരിക്കുന്നു. അവര്‍ക്കും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കാന്‍ കസേരകള്‍. കുടിക്കാന്‍ ശുദ്ധ ജലം ലഭ്യമാക്കുന്ന മിഷ്യനുകള്‍. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിച്ച ഒ.പിയിലെ ടോക്കണ്‍ മിഷ്യന് മുന്നിലുള്ള കാഴ്ചകളാണിവ.

ജില്ലയിലെ കിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ആയിരക്കണക്കിനാളുകളാണ് ദിവസേന എത്തുന്നത്. ആശുപത്രി അധികൃതരുടെയും വികസന സമിതി അംഗങ്ങളുടെയും പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആശുപത്രിയിലെ സേവനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നത്.

ഒ.പി കമ്പ്യൂട്ടറൈസേഷനും പുതിയ ടോക്കണ്‍ സംവിധാനവും നിലവില്‍ വന്നതിനെ തുടര്‍ന്ന് രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ ഒ.പി. കൗണ്ടറുകള്‍ക്ക് മുന്നിലായി ഇരിപ്പിടങ്ങള്‍, ഫാന്‍, കുടിവെള്ളം, ടി.വി. എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒ.പി.യെ കൂടാതെ ഫാര്‍മസി, ലാബ്, കാഷ്വാലിറ്റി എന്നിവിടങ്ങളിലും ടോക്കണ്‍ സമ്പ്രദായം ആരംഭിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായും രോഗീ സൗഹൃദമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ആശുപത്രിയിലെ ഓരോ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് എം.എം. ഷാനി പറഞ്ഞു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കാവുന്ന ഏറ്റവും നല്ല സേവനങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ നല്‍കുന്നത്. ഓരോ മേഖലയിലുമുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ഉള്ളത്. ആശുപത്രിയിലെ ലാബ്, എക്‌സ് റേ, ഇ.സി.ജി, ഫാര്‍മസി എന്നിവിടങ്ങളില്‍ 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്.

ലാബില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുള്ളി ഓട്ടോ അനലൈസര്‍, ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം എന്നിവ ഉണ്ട്. ഡിജിറ്റല്‍ എക്‌സറേ ഉപയോഗിക്കുന്നത് മൂലം റേഡിയേഷന്‍ പരമാവധി കുറയ്ക്കുന്നതിനും വ്യക്തതയോട് കൂടിയ എക്‌സ്‌റേ ലഭ്യമാക്കാനും സാധിക്കും.

ഓപ്പറേഷന്‍ തിയേറ്റര്‍, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, നവീകരിച്ച ലേബര്‍ റൂം, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഇത് കൂടാതെ കീമോ തെറാപ്പി വാര്‍ഡ് ,ട്രോമാകെയര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, എം.ആര്‍.ഐ സ്‌കാനിംഗ് , മാമ്മോഗ്രാം, മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ അത്യാഹിത വിഭാഗം എന്നിങ്ങനെയുള്ള പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. ഇതിനായി എം.എല്‍.എ, ആശുപത്രി സൂപ്രണ്ട് വികസന സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് ഡയറക്ടറെ നേരില്‍ കണ്ട് പ്രൊജക്റ്റ് സമര്‍പ്പിച്ചിരുന്നു.

1905 ല്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയുടെ പിന്നീട് താലൂക്ക് ആശുപത്രിയാക്കി. 2011 ല്‍ ജനറല്‍ ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തി. എറണാകുളം ജില്ലയെ കൂടാതെ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ഭൂരിഭാഗം ജനങ്ങളുടെയും കുട്ടമ്പുഴ പോലുള്ള ആദിവാസി മേഖലയിലെ ജനങ്ങളുടെയും ആശ്രയ കേന്ദ്രമാണ്.