വില്ലേജ് ഓഫിസുകൾ കൂടുതൽ ജനസൗഹൃദമാക്കുകയും അതുവഴി പ്രവർത്തനം മെച്ചപ്പെടുത്തുകയുമാണു ലക്ഷ്യമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജനസൗഹൃദ അന്തരീക്ഷത്തിലൂടെ സർക്കാർ ഓഫിസുകളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. തൊളിക്കോട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളുടേയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു ജില്ലാ കളക്ടർമാർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഓഫിസുകൾ ജനങ്ങളുടെ നടുവിൽനിന്നു പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ആ നിലയ്ക്കുള്ള പ്രവർത്തനമാണു മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത്.
ജനങ്ങളിൽ തൃപ്തിയുണ്ടാക്കലാകണം ഓരോ ഓഫിസുകളുടേയും ലക്ഷ്യം. ജീവനക്കാരോട് ജനങ്ങളും സൗഹൃദ സമീപനം വച്ചുപുലർത്തണം. പരസ്പര വിശ്വാസത്തോടെയുള്ള പ്രവർത്തനത്തിലൂടെ നിലവിലുള്ള പല പ്രശ്‌നങ്ങളും മറികടക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫിസിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോട്ടുമുക്ക് അൻസാർ, എ.ഡി.എം. വി.ആർ. വിനോദ്, തഹസിൽദാർ എം.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.