ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. നവംബര്‍ പത്തു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ചരിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവരുടെ സഹകരണവുമുണ്ടാകും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ക്ഷേത്രപ്രവേശന വിളംബരം ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തമായിരുന്നെന്നും ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിസംഘടന പ്രതിനിധികള്‍, തൊഴിലാളി പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, ഗ്രന്ഥശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പുരാരേഖവകുപ്പിന്റെ സഹകരണത്തോടെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രാദേശിക രേഖകള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, ഗ്രന്ഥശാലസംഘത്തിന്റെ സഹകരണത്തോടെ പ്രാദേശികമായി പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ആര്‍ക്കൈവിസ്റ്റ് ആര്‍. സജി കുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം. കെ.രാജന്‍, പി.വി മാധവന്‍, എം.അലിക്കോയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്‍മാസ്റ്റര്‍, സി.എം കേശവന്‍, എന്‍.സി മായന്‍കുട്ടി, എം.ആലിക്കോയ, ഭരദ്വാജ് ഒ.എം, കോഴിക്കോട് ഡിസിപി കെ.എം ടോമി, പുരാവസ്തു വകുപ്പ് പ്രതിനിധി കൃഷ്ണരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ എ.ഡി.എം റോഷ്‌നി നാരായണന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.