ദേശീയപാതാ വികസനം: സ്ഥലമേറ്റെടുപ്പില്‍ മുന്നേറ്റം
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 450 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗതം-ഹൈവേ, ഷിപ്പിങ്ങ് വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 603 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അത് മുഴുവന്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും 450 കോടി അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി-മാഹി നാലുവരി ദേശീയ പാത ബൈപ്പാസിന്റെ നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലപ്പാടി മുതല്‍ ചെങ്കള വരെ ദേശീയ പാതയുടെ വികസനത്തിനുള്ള 3000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. വകുപ്പ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് ഇത് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ത കക്ഷികളാണ് ഭരിക്കുന്നതെങ്കിലും വികസന കാര്യത്തില്‍ രാഷ്ട്രീയം ഒരിക്കലും പ്രതിബന്ധമാകില്ല. രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് വികസനമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടു പോവുമെന്നും  കേന്ദ്ര മന്ത്രി  പറഞ്ഞു.  പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. എന്നാല്‍ രാജ്യത്തിലെ വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മാത്രമേ കാര്‍ഷിക-സേവന മേഖലകളുടേതടക്കം പുരോഗതി സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലാണ് ഏറ്റവും വലിയ തടസ്സം. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍  വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. മുടങ്ങിക്കിടക്കുകയായിരുന്ന ഗെയില്‍ വാതക  പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും വലിയ മുന്നേറ്റമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
എരഞ്ഞോളി ചുങ്കം മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്തി ജി സുധാകരന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,  എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എം പിമാരായ പി കെ ശ്രീമതി ടീച്ചര്‍, വി മുരളീധരന്‍, എന്‍ ഗോകുലകൃഷ്ണന്‍, വി രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സംസ്ഥാന പൊതുമാരമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല വര്‍ധന റാവു, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സിജിഎം അലോക് ദീപാങ്കര്‍, തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ രമേശന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എ സ്വാഗതവും ദേശീയപാത വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ നിര്‍മല്‍ സാഥേ നന്ദിയും പറഞ്ഞു.
നീലേശ്വരം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം, പാലക്കാട് നാട്ടുകാല്‍ മുതല്‍ താണാവ് വരെയുള്ള രണ്ടു വരിപ്പാത വിപുലീകരണം എന്നിവയുടെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തലേശ്ശരി-മാഹി ബൈപാസിന് 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.