തിരുവനന്തപുരം മുതല്‍ ബേക്കല്‍ വരെയുള്ള നിര്‍ദ്ദിഷ്ട ദേശീയ ജലപാതയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സഹായം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വാഗ്ദാനം ചെയ്തതായി മുഖ്യ മന്ത്രി പിണറായി വിജയന്‍. തലശ്ശേരി-മാഹി നാലുവരി ദേശീയ പാത ബൈപ്പാസിന്റെ നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപനം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്കൊപ്പം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ റോഡുകളെ പുനര്‍നിര്‍മാണത്തിനായി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് നേരത്തേ നല്‍കിയ 250 കോടിക്കു പുറമെ 450 കോടി രൂപ അനുവദിച്ച കേന്ദ്ര മന്ത്രിക്ക് കേരള ജനതയുടെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ബാധിക്കാത്ത, പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് ഗഡ്കരിജി. ദേശീയപാതാ വികസനം വേഗത്തിലാക്കാന്‍ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങള്‍ കാരണം അത് ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. ചില കാരണങ്ങളാല്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ നേരിട്ട് സംസാരിച്ച് മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയ പാതാ വികസനത്തിന് ഉദ്യോഗസ്ഥ തലത്തിലുള്ള എതിര്‍പ്പുകള്‍ മറികടന്നാണ് അനുവാദം നല്‍കാമെന്ന് മന്ത്രി സമ്മതിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത മാഹി – തലശ്ശേരി ബൈപ്പാസ് ഗതാഗതക്കുരുക്കിന് പരി ഹാരമാവുന്നതോടൊപ്പം  നാടിന്റെ പുരോഗതിയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ അത്തരം ദുരന്തങ്ങളെ അതിജീവിക്കാന്‍ പാകത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതോടൊപ്പം റോഡുകളും വികസിക്കേണ്ടതുണ്ട്. ഇതിന് സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ചില വിഷമങ്ങളുണ്ടാകുമെങ്കിലും നാടിന്റെ നന്‍മയ്ക്കായി അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.