മാറ്റങ്ങൾ, നിയമനങ്ങൾ

ഐ.ടി. മിഷൻ ഡയറക്ടർ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് കലക്ടർ യു.വി. ജോസിനെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി മാറ്റി നിയമിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകൾ അദ്ദേഹം വഹിക്കും.

അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്‌സാന പർവീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിർമാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടർ എന്നീ അധിക ചുമതലകൾ അഫ്‌സാന വഹിക്കും.

തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോർ സ്‌കിൽ ആന്റ് എക്‌സലൻസ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

കൊല്ലം സബ് കലക്ടർ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടർ, ഇ-നിയമസഭ നോഡൽ ഓഫീസർ എന്നീ അധിക ചുമതലകൾ അവർ വഹിക്കും.

ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിലുളള എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാൻ തീരുമാനിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 20 (2) പ്രകാരമാണ് ഈ നിയമനം.

തൃശ്ശൂർ സബ് കലക്ടർ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ഓഖി ദുരന്തത്തിൽ ഭാഗികമായി വീട് തകർന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിന് സ്‌പെഷ്യൽ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാൻ തീരുമാനിച്ചു.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെടാത്ത മിശ്രവിവാഹിതർക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാർഷിക കുടുംബ വരുമാന പരിധി 50,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചു.

കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉൾക്കൊള്ളിച്ച് ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ഇടപ്പള്ളി കനാൽ, മാർക്കറ്റ് കനാൽ, തേവര കനാൽ, തേവര പെരണ്ടൂർ കനാൽ, ചിലവന്നൂർ തോട് എന്നീ പ്രധാന അഞ്ച് തോടുകൾ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്.

തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ ഫ്‌ളൈ ഓവറിന്റെ നിർമാണത്തിന് 13.68 കോടി രൂപയുടെ ടെണ്ടർ അംഗീകരിക്കാനുളള റോഡ്‌സ് ആന്റ് ബ്രിഡ്ജസ്് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ അപേക്ഷ അംഗീകരിക്കാൻ തീരുമാനിച്ചു.

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ഗണിത ശാസ്ത്രത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാനുളള സർക്കാർ ഉത്തരവ് സാധൂകരിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ചുമതലകൾ നിർവഹിക്കുന്നതിന് ഓർഡിനൻസ് പ്രകാരം രൂപീകരിച്ച താൽക്കാലിക സമിതിയുടെ കാലാവധി 12 മാസം എന്നതിനു പകരം 18 മാസത്തേക്ക് ദീർഘിപ്പിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സർവ്വീസ് വിഭാഗത്തിൽ നിന്ന് നിയമിതരാവുകയും 2006 ജനുവരി ഒന്നിനുമുമ്പ് വിരമിക്കുകയും ചെയ്ത അംഗങ്ങൾക്ക് കൂടി പെൻഷൻ പരിഷ്‌കരണത്തിന്റെ ആനുകൂല്യം ബാധകമാക്കാൻ തീരുമാനിച്ചു.