ജില്ലയില്‍ വൈദ്യുതി രംഗത്ത് 444.52 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കുന്നമംഗലത്ത് 220 കെ.വി ജിഎസ്‌ഐ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണം. കുന്നമംഗലം 220 കെ.വി ജിഎസ്‌ഐ സബ്‌സ്റ്റേഷന്‍ 2020ഓടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഏറെ പ്രതിസന്ധികളിലൂടെയാണ്  വൈദ്യുതി രംഗം കടന്നു പോകുന്നതെങ്കിലും മികച്ച പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിലുള്ള ഉദ്പ്പാദനം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കായംകുളം പോലുള്ള നിലയങ്ങളില്‍ നിന്നുള്ള ഉദ്പ്പാദനം ചെലവു കൂടിയതാണ്. ഇത് നിലവിലെ വിലക്ക് നല്‍കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സോളാര്‍ പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉദ്പ്പാദിപ്പിക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. ഉദ്പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഇടുക്കിയില്‍ നിലവിലെ പവര്‍ഹൗസിലോട് ചേര്‍ന്ന മറ്റൊരു പവര്‍ഹൗസുകൂടി സ്ഥാപിക്കാനുള്ള സാധ്യത വകുപ്പ് പരിശോധിക്കുകയാണ്. വൈദ്യുതി ഉദ്പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് പരമാവധി വൈദ്യുതി ലാഭിക്കാനും കഴിയണം. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ നമ്മള്‍ മുമ്പിലാണ്.
1.26 കോടി കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്. മറ്റൊരു സംസ്ഥാനത്തും ഇത്രയധികം കണക്ഷനുകളില്ല. എന്നിട്ടും വളരെയധികം കൃത്യതയോടെയാണ് വകുപ്പ് ഇത് കൈകാര്യം ചെയ്യുന്നത്. പ്രളയകാലത്ത് തകരാറിലായ വൈദ്യുതി ബന്ധം 10 ദിവസം കൊണ്ടാണ് പൂര്‍വസ്ഥിതിയിലാക്കിയത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ളവരുടെ സഹായം ഇതിന് ബോര്‍ഡിനെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി 110 കോടി ചെലവഴിച്ച് കുന്നമംഗലം 110 കെ.വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ഗ്യാസ് ഇന്‍സുലേറ്റഡ്  സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുന്നമംഗലം നിയോജക മണ്ഡലത്തിലും കോഴിക്കോട് നഗര പരിധിയിലും തടസമില്ലാതെ മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാന്‍ കഴിയും.
പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സി ബുഷ്‌റ, ഗ്രാമ പഞ്ചായത്ത് അംഗം ടി കെ സീനത്ത്, ഇ വിനോദ്കുമാര്‍, ബാബു നെല്ലൂളി, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, ഒ ഉസയില്‍, ടി വി വിനീത്കുമാര്‍, രാജന്‍ മാമ്പറ്റ, കേളന്‍ നെല്ലിക്കോട്, ഭക്തോത്തമന്‍, ബാപ്പുഹാജി, ഷൗക്കത്തലി, എന്നിവര്‍ സംസാരിച്ചു. ട്രാന്‍സ്ഗ്രിഡ് ചീഫ് എന്‍ജിനീയര്‍ ഡോ. പി രാജന്‍, സ്വാഗതവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.