മഹാപ്രളയത്തെ അതിജീവിച്ച വയനാടൻ ജനതയുടെ ആത്മവീര്യം മസൂറിയിലെ ഐഎഎസ് അക്കാദമിയിലും ചർച്ചയാവും. ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഷയത്തിൽ രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വയനാടിന്റെ പ്രളയകാല അനുഭവങ്ങളും ജില്ലാഭരണകൂടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളും പങ്കുവയ്ക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ നടക്കുന്ന പരിപാടിയിൽ ഡിസംബർ 21ന് സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ജില്ലയെ പ്രതിനിധീകരിച്ച് സംസാരിക്കും. ഡിസംബർ 20 മുതൽ 21 വരെയാണ് പരിശീലനം. പ്രളയാനന്തരം ആവിഷ്‌കരിച്ച ‘വി ഫോർ വയനാട്’ കാംപെയിനെക്കുറിച്ചും സബ് കളക്ടർ ഐഎഎസ് ഉദ്യോഗസ്ഥരോട് സംവദിക്കും. പ്രളയത്തിൽ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സബ് കളക്ടർടക്കമുള്ള ഉദ്യോഗസ്ഥർ മുൻനിരയിലുണ്ടായിരുന്നു. വിവിധ ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച സാധനങ്ങൾ ശേഖരിക്കാനും തരംതിരിച്ച് ക്രോഡീകരിക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകാനും കാര്യക്ഷമമായി ഇടപെടാനും സബ് കളക്ടർക്ക് സാധിച്ചിട്ടുണ്ട്. പ്രളയകാലത്തെ കേരളത്തിന്റെ ഒത്തൊരുമയും ലോകശ്രദ്ധ നേടിയിരുന്നു.