പ്രളയത്തിനുശേഷം പാടശേഖരങ്ങളിൽ അവശേഷിച്ച നെൽക്കതിരുകൾ കൊയ്‌തെടുക്കാൻ യന്ത്രങ്ങളുമായി കർഷകർ. തൊഴിലാളികളെ കിട്ടാത്തതും ഉയർന്ന കൂലിയുമാണ് കൊയ്ത്തുമെതിയന്ത്രങ്ങളെ ആശ്രയിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. ആധുനിക സംവിധാനങ്ങളുള്ള കമ്പയിൻഡ് ഹാർവെസ്റ്റർ ഉപയോഗിച്ചാണ് കൊയ്ത്തും മെതിയും. ഒന്നോ അതിലധികമോ ഏക്കർ നെൽകൃഷിയുള്ളവരിൽ പലരും കൊയ്ത്തുമെതിക്കു യന്ത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം, സേലം ജില്ലകളിൽനിന്നു യന്ത്രങ്ങൾ കൊണ്ടുവന്നു വാടകയ്ക്കു നൽകുന്ന ഏജൻസികളുടെ എണ്ണവും ജില്ലയിൽ വർധിച്ചിട്ടുണ്ട്. 34-40 ലക്ഷം രൂപ വിലയുള്ളതാണ് കമ്പയിൻഡ് ഹാർവെസ്റ്റർ. എട്ടും പത്തും യന്ത്രങ്ങൾ സ്വന്തമായുള്ളവർ തമിഴകത്തു നിരവധിയായാണ്.
നഞ്ച വിളവെടുപ്പിനു കാലമായതോടെ 50 ഓളം കംബയിൻഡ് ഹാർവെസ്റ്ററുകളാണ് ജില്ലയിലെത്തിയത്. മണിക്കൂറിനു 2,400 രൂപ വാടക നൽകിയാണ് കർഷകർ യന്ത്രം ഉപയോഗപ്പെടുത്തുന്നത്. ഒരേക്കർ പാടത്തു വിളവെടുപ്പിനു യന്ത്രത്തിനു ഒരു മണിക്കൂർ മതിയാകും. പരമ്പരാഗത രീതിയിൽ ഒരേക്കർ വയലിലെ നെല്ല് കൊയ്തുമെതിക്കാൻ ഒരാഴ്ചയെടുക്കും. പാടത്ത് കൊയ്തിടുന്ന നെല്ല് ഒന്നോ രണ്ടോ ദിവസത്തെ വെയിൽകൊള്ളിച്ച് ഉണക്കിയശേഷം വാരി കളത്തിലെത്തിച്ചാണ് മെതി. ഇതിന് ഏകദേശം 10,000 രൂപ ചെലവാകും.
പരമ്പരാഗത രീതിയിൽ ദിവസങ്ങളോളം നീളുന്ന ജോലികൾ യന്ത്രസഹായത്തോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും. കൊയ്തിട്ട നെല്ല് അപ്രതീക്ഷിത മഴയിൽ നശിക്കുന്ന സാഹചര്യവും ഒഴിവാകും. പാടത്ത് ചതുപ്പല്ലാത്ത ഭാഗങ്ങളിൽ യന്ത്രം ഇറക്കാം. കൊയ്യുന്ന മുറയ്ക്ക് മെതിയും പാറ്റലും നടത്തുന്നതിനാൽ നെല്ല് അപ്പോൾത്തന്നെ ചാക്കുകളിലേക്ക് മാറ്റാനും കഴിയും. ജില്ലയിൽ കൃഷിവകുപ്പിന്റെ ഉടമസ്ഥതയിൽ മൂന്നു കൊയ്ത്തുമെതി യന്ത്രങ്ങളുണ്ട്. കമ്പയിൻഡ് ഹാർവെസ്റ്റർ പ്രവർത്തിപ്പിക്കുന്നതിൽ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും ജില്ലയിൽ ഏതാനും പട്ടികവർഗ വനിതകൾക്കു പരിശീലനം നൽകിയിരുന്നു.