ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യയുടെ ചതുർദിന മത്സരത്തിന് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന മൂന്ന് മത്സരങ്ങൾക്ക് ഫലമുണ്ടായതാണ് ചതുർദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കേരളം വിജയിച്ചതും രഞ്ജിയിലെ പോണ്ടിച്ചേരി-സിക്കിം മത്സരത്തിൽ പോണ്ടിച്ചേരി വിജയിച്ചതും ഇതിന് കാരണമായി. അണ്ടർ 16ലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ ആന്ധ്ര ഒന്നാമിന്നിംഗ്സിൽ ലീഡ് നേടിയതും കൃഷ്ണഗിരി സ്റ്റേഡിയം ബിസിസിഐയുടെ ശ്രദ്ധയിൽപ്പെടാൻ കാരണമായി. ഇതിന്റെയൊക്കെ ആകെ തുകയായാണ് രണ്ടാമത്തെ രാജ്യാന്തര മത്സരത്തിനായി കൃഷണഗിരിയെ തിരഞ്ഞെടുത്തത്. പോണ്ടിച്ചേരി-സിക്കിം മത്സരം വീക്ഷിക്കാനായി ബിസിസി ഡയറക്ടർമാരിൽ ഒരാളാവയ കെ.വി.പി റാവു സ്റ്റേഡിയം സന്ദർശിച്ചിരുന്നു. തുടർന്നാണ് രാജ്യാന്തര മത്സരങ്ങൾക്ക് സ്റ്റേഡിയം സജ്ജമാണെന്ന നിഗമനത്തിൽ ബിസിസിഐ എത്തിയത്. ഈ മാസം 15 മുതൽ അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കും കൃഷ്ണഗിരി വേദിയാകുന്നുണ്ട്. മധ്യപ്രദേശും ഡൽഹിയുമാണ് മാറ്റുരക്കുന്നത്. 2013ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ 2014ൽ തന്നെ രഞ്ജി മത്സരങ്ങൾ അരങ്ങേറിയിരുന്നു. ആദ്യ രാജ്യാന്തര മത്സരം ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകൾ തമ്മിലായിരുന്നു. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യൻ ടീമിനെ എതിരിട്ടത് ഡെയിൻ വിൽസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക എ ടീമായിരുന്നു. 2015 ഓഗസ്റ്റ് 18നായിരുന്നു മത്സരം ആരംഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഒംഫിലെ റമേല കൃഷ്ണഗിരിയിലെ ആദ്യ രാജ്യാന്തര സെഞ്ച്വറിക്കാരനായി. തൊട്ടുപിന്നാലെ കരുൺ നായർ ഇന്ത്യക്കാരന്റെ കൃഷ്ണഗിരിയിലെ ആദ്യ സെഞ്ച്വറി തന്റെ പേരിലും കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി ക്വിന്റൺ ഡീകോക്ക് അടക്കമുള്ള താരങ്ങളാണ് അന്ന് പാഡണിഞ്ഞത്. അക്ഷർ പട്ടേൽ അടക്കമുള്ള താരങ്ങൾ ഇന്ത്യക്കായും പാഡണിഞ്ഞു. രണ്ടാമത്തെ രാജ്യാന്തര മത്സരവും കൃഷ്ണഗിരിയിൽ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് കെസിഎ.