പെരുമ്പാവൂർ: ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും കൈകോർത്തതോടെ മേലേടത്തിനാൽ ചിറ തെളിനീരായി. കൂവപ്പടി പഞ്ചായത്ത് എട്ടാം വാർഡിലെ മേലേടത്തിനാൽ ചിറയാണ് തെളി നീരായത്. കടുത്ത വേനലിലും സമൃദ്ധമായി വെള്ളം ലഭിച്ചിരുന്ന ജല സ്രോതസായിരുന്നു ഈ ചിറ. എന്നാൽ സംരക്ഷണത്തിന്റെ അഭാവം മൂലം ചിറ മാലിന്യ വാഹിനിയാകുകയായിരുന്നു. ഇതോടെ കുളിക്കുന്നതിനും മറ്റ് പ്രാഥമീകാവശ്യങ്ങൾക്കും ഈ വെള്ളത്തെ ആശ്രയിച്ചിരുന്ന നാട്ടുകാരും ചിറയെ കൈയ്യൊഴിഞ്ഞു. ഇതിനിടെ തന്നെ പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ചിറ ഉപയോഗ ശൂന്യമാകുകയും ചെയ്തു. സാമുഹ്യ വിരുദ്ധർ ചിറയിൽ രണ്ട് തവണ കക്കൂസ് മാലിന്യവും തള്ളി. ഇതിനെ തുടർന്നാണ് ചിറ സംരക്ഷണമെന്ന ആവശ്യം ശക്തമായത്. ഇതിനായി കൂവപ്പടി ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്. ചിറ സംരക്ഷണത്തിനായി ആറ് ലക്ഷം രൂപ അനുവദിച്ചതിന് പുറമെ ഇതിനായി കർമ്മ പദ്ധതികളും തയ്യാറാക്കി. ചിറയിലെ കക്കൂസ് മാലിന്യം ശുചീകരിക്കലാണ് ആദ്യഘട്ടത്തിൽ ചെയ്തത്. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പായലും മറ്റും കോരി മാറ്റി. നാല് വശവും കെട്ടിയ ശേഷം പുറമെ നിന്നും മാലിന്യങ്ങൾ നിക്ഷേപിക്കാൻ കഴിയാത്ത വിധത്തിൽ ചിറയ്ക്ക് ചുറ്റും സംരക്ഷണ ഗ്രില്ലും നിർമ്മിച്ചു. ഒപ്പം ആളുകൾക്ക് കുളിക്കുന്നതിനും മറ്റുമായി ചെറിയൊരു കുളിക്കടവും നിർമ്മിച്ച.ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളിലെ ജന പ്രതിനിധികളോടൊപ്പം നാട്ടുകാരും പ്രവർത്തികളിൽ പങ്കാളികളായി. ബ്ലോക്ക് പരിധിയിലെ നീരുറവകൾ സംരക്ഷിക്കുന്നതിനായി വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് eബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. ചിറയിലെ മാലിന്യം നീക്കി ശുചീകരിച്ചതോടെ നൂറ് കണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുമെന്നും അവർ പറഞ്ഞു. ഉത്ഘാടന യോഗത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ ഉത്ഘാടനം നിർവ്വഹിച്ചു. എൽദോസ് കുന്നപ്പിളളി എം.എൽ.എ.കെ.പി വർഗീസ് ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ് ,പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് ,അംഗങ്ങളായ മിനി ജോസ് ,സിന്ധു അരവിന്ദ്, ഫെജിൻ പോൾ എന്നിവർ പ്രസംഗിച്ചു

ഫോട്ടോ അടിക്കുറിപ്

1)തെളിനീരായ മേലേടത്തിനാൽ ചിറ