ജില്ലയില്‍ 41 പിഎച്ച്‌സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി
ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 41 പിഎച്ച്‌സികളെ കൂടി എഫ്എച്ച്‌സികളാക്കി ഉയര്‍ത്തുമെന്നും ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്ക് ആശുപത്രികള്‍ നവീകരണത്തിന്റെ പാതയിലാണ്. ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റുന്നതിനുള്ള 76 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍, മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന പേവാര്‍ഡ്, 74.85 ലക്ഷം രൂപ ചെലവില്‍ രണ്ട് നിലകളിലായി പണിയുന്ന വന്ധ്യതാ ചികിത്സാകേന്ദ്രം, 1.3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലേബര്‍ റൂം തുടങ്ങിയ പദ്ധതികളുടെ  നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ജില്ലയിലെ വിവിധ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസിയ്ക്ക് വേണ്ട മരുന്നുകള്‍ ശേഖരിക്കുന്നതിനായി നിര്‍മ്മിച്ച ഡിപ്പോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വൈകല്യങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ 50 ശതമാനത്തോളം ഭിന്നശേഷി പരിഹരിക്കാന്‍ കഴിയും. കണ്ടെത്താന്‍ വൈകുമ്പോഴാണ് ചികില്‍സ പ്രയാസകരമാവുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സുനാമി റിഹാബിലിറ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.4 കോടി രൂപ വിനിയോഗിച്ച് 100 കിടക്കകളുള്ള കെട്ടിടം ആശുപത്രിയില്‍ നിര്‍മ്മിച്ചിരുന്നു. 3.29 ലക്ഷം രൂപ ചെലവഴിച്ചുള്ള ക്യാന്റീന്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ്, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെട്രി, 43 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് ലിഫ്റ്റ്, ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ നവീകരണം, ജനറേറ്റര്‍ കണക്ഷന്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ഡോ. എസ് ആര്‍ ദിലീപ് കുമാര്‍, ഡോ. മുഹമ്മദ് അഷീല്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.