ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വാഹന പര്യടനമായ ഹരിതായനത്തിന് ജില്ലയില്‍ തുടക്കമായി. കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നാടിനാകെ മാതൃകയാണെന്നും ഇതേക്കുറിച്ചുള്ള അറിവുകള്‍ പരമാവധി പേരിലേക്കെത്തിക്കേണ്ടത് അനിവാര്യതയാണെന്നും കലക്ടര്‍ പറഞ്ഞു.
12 വരെയാണ്  ഹരിതായനത്തിന്റെ ജില്ലാതല യാത്ര.  പ്രധാന ജംഗ്ഷനുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും വാഹനമെത്തും. സ്‌ക്രീനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം പ്രദര്‍ശിപ്പിക്കുന്നുണ്ട്; ഒപ്പം ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും കാണാം.
വാഹനം എത്തുന്ന ഇടങ്ങളില്‍ എം.എല്‍.എ മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ജീവനക്കാര്‍, ഐ.ടി.ഐ  അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.