അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ള കാര്‍ഷിക വിപണികളുടെ ആധുനികവല്‍ക്കരണ പ്രോജക്ടിന്റെ ഭാഗമായി ആധുനീകവല്‍ക്കരിച്ച ആനപ്പാറ സ്വയാശ്രയ വിപണിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിന് സ്വയാശ്രയ കര്‍ഷകവിപണികളെ പ്രാപ്തരാക്കുന്നതിനാണ് പദ്ധതി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പി. ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി.എം വര്‍ഗ്ഗീസ് പ്രോജക്ട് അവതരിപ്പിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി ബൈജു, ആനപ്പാറ ഫാത്തിമ മാതാ പള്ളി വികാരി ഫാ. ബേസില്‍ പുഞ്ചപുതുശ്ശേരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം ജെയ്‌സണ്‍, ജോസഫ് പാറേക്കാട്ടില്‍, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ ടി.ടി പൗലോസ്, ഷേര്‍ളി ജോസ്, സിജു ഈരാളി, കര്‍ഷക വിപണി പ്രസിഡന്റ്, പി.വി പൗലോസ്, വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് പുളിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ആനപ്പാറ സ്വയാശ്രയ കാര്‍ഷിക വിപണിയില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 2500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഉത്പന്നസംഭരണശാല നിര്‍മ്മിച്ച് ഉത്പന്നങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റാതിരിക്കാന്‍ തറയില്‍ ടൈല്‍സ് വിരിച്ച് സജ്ജീകരിച്ചിരിക്കുകയാണ്. തുറവൂര്‍, മൂക്കന്നൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ പഞ്ചായത്തുകളിലെ ആയിരത്തോളം കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ഡിവിഷന്‍ മെമ്പര്‍ ടി.എം വര്‍ഗ്ഗീസ് അറിയിച്ചു.

ഫോട്ടോ – ആധുനീകവല്‍ക്കരിച്ച ആനപ്പാറ സ്വയാശ്രയ വിപണിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ നിര്‍വ്വഹിക്കുന്നു.