മൂവാറ്റുപുഴ: ബാലാവകാശ സംരക്ഷണത്തിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് എൽദോ എബ്രഹാം എം.എൽ.എ. അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണീറ്റിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ ഏക ദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണ സമിതികൾ താഴെ തട്ടിൽ സജീവമായാൽ മാത്രമേ ഇക്കാര്യത്തിൽ കാര്യമായി മുന്നോട്ടു പോകാൻ കഴിയൂവെന്ന് ശിൽപശാലയിൽ ക്ലാസ് നയിച്ച സം സ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് അഭിപ്രായപ്പെട്ടു. ബാല സൗഹൃദ കേരളം എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ 40 ശിൽപശാലകൾ നടത്തുന്നതായും ജില്ലയി ലെ രണ്ടാമത്തെ ശിൽപ്പശാലയാണിത്. കമ്മീഷനംഗം ഡോ: എം.പി. ആന്റണി അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം എൻ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസിജോളി, സുമിത് സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, സുഭാഷ്, കെ.ബി.സൈന തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപശാലയിൽ ജില്ലയിലെ 6 ബ്ലോക്കുകൾക്ക് കീഴിലുള്ള 42 ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള ബാല സംരക്ഷണ സമിതി അംഗങ്ങളാണ് പങ്കെടുത്തത്. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.ബി. സൈന, ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസർ കെ. വിദ്യ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമങ്ങളും പദ്ധതികളും പ്രാദേശീക തലത്തിൽ രൂപീകരിച്ചിട്ടുള്ള ബാല സംരക്ഷണ സമിതികൾക്ക് എത്തിക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം.

ഫോട്ടോ അടിക്കുറിപ്പ്: ബാല സംരക്ഷണ സമിതിയംഗങ്ങൾക്കായി ബാലാവകാശ കമ്മീഷൻ നടത്തിയ ശിൽപ്പശാല എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു..