ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയ്ക്ക് അനുവദിച്ച അധിക വോട്ടിംഗ് യന്ത്രങ്ങളിൽ ആദ്യഘട്ട പരിശോധന പൂർത്തിയായ മെഷീനുകളുടെ മോക്‌പോൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടന്നു. 400 വോട്ടിങ് യന്ത്രങ്ങളാണ് അധികമായി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ എന്ന് പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമാണ് മോക് പോൾ. ഇത്തവണ എല്ലാ ബൂത്തിലും വിവിപാറ്റ് മെഷീനുകൾ ആണുണ്ടാവുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 1704 ബൂത്തുകളാണ് ജില്ലയിലുള്ളത.് വോട്ടിങ് യന്ത്രങ്ങളിൽ 30 ശതമാനം റിസർവും വച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എസ്.സുഹാസ് മോക് പോൾ ഉദ്ഘാടനം ചെയ്തു. സിപിഎം പ്രതിനിധി വി.ബി.അശോകൻ, സിപിഐ പ്രതിനിധി സി വാമദേവൻ, ഐയുഎംഎൽ പ്രതിനിധി അബ്ദുൾസലാം ലബ്ബ, കെസിഎം പ്രതിനിധി തോമസ് കളരിക്കൽ എന്നിവർ രാഷ്ട്രീയപാർട്ടി പ്രതിനിധികളായി സന്നിഹിതരായി. ശിരസ്തദാർ ഒ.ജെ.ബേബി, ജൂനിയർ സൂപ്രണ്ട് എസ് അൻവർ, റോണി എന്നിവർ മോക് പോളിന് നേതൃത്വം നൽകി.