• ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തിലും ജില്ല മുന്നില്‍

കൊച്ചി: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018- 19ല്‍ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ എറണാകുളം ജില്ല പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ രണ്ടാംഘട്ടത്തിലും മുന്നിലെത്തി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് ധനസഹായം നല്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍, വിവിധ കേന്ദ്രാവിഷ്‌കൃത- സംസ്ഥാന പദ്ധതികള്‍ക്കു കീഴില്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനായിരുന്നതിനായിരുന്നു മുന്‍ഗണന. ഈ ഘട്ടത്തിലും ജില്ലതന്നെയായിരുന്നു മുന്നില്‍. ലൈഫ് പദ്ധതി രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആയിരത്തിഒന്നാമത് വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി 17ന് വൈകീട്ട് 4.30-ന് ചേന്ദമംഗലം പാലിയം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.

2018-19 വര്‍ഷത്തെ രണ്ടാം ഘട്ടത്തില്‍ 5696 പേരെയാണ് അന്തിമഘട്ടത്തില്‍ അര്‍ഹതപ്പെട്ടവരായി കണ്ടെത്തിയത്. ഇതില്‍ 5454 ഗുണഭോക്താക്കള്‍ക്ക് മുന്‍കൂര്‍ തുക നല്‍കി. 1002 ഗുണഭോക്താക്കള്‍ പാര്‍പ്പിട നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ 1300 പേര്‍ മേല്‍ക്കൂര നിര്‍മാണ ഘട്ടം വരെയെത്തി. 106.6 കോടി രൂപയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

നാലു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ത്തിയാകാത്ത 1068 വീടുകളില്‍ 1055 എണ്ണമാണ് ഒന്നാം ഘട്ടത്തില്‍ ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 92.12 % വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രമായി 98.87 % ഭവന ങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 24.5 കോടിരൂപയാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. കോര്‍പറേറ്റുകളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് വഴിയും പൊതുജന സംഭാവന വഴിയും ഒരുകോടിയിലധികം രൂപയാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് വീടുകള്‍ പൂര്‍ത്തിയാക്കി വരികയാണ്. 5696 തൊഴില്‍ കാര്‍ഡുകള്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു.152606 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും ലൈഫ് ഗുണഭോക്താക്കള്‍ക്ക് 41356226 കോടി രൂപ ഇത് വഴി ലഭ്യമാക്കുകയും ചെയ്തു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് സിമന്റ് കട്ട നിര്‍മാണ യൂണിറ്റ് ആരംഭിച്ചു.
158 കട്ട നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് 687151 കട്ടകള്‍ ഉല്‍പാദിപ്പിക്കുകയും ലൈഫ് ഗുണഭോക്താക്കള്‍ക്ക് സൗജന്യ വിതരണവും നടത്തി.
ലൈഫ് പദ്ധതിയുടെ ഭാഗമായി
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 25 കെട്ടിട നിര്‍മാണ യൂണിറ്റ് രൂപീകരിച്ചു. 500 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ 12 വീടുകളുടെ നിര്‍മാണം ഏറ്റെടുത്തതില്‍ 5 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ലൈഫ് പദ്ധതിയുടെ ഭാഗമായി
14 ബ്ലോക്ക് പഞ്ചായത്തുകളിലും 4 മുന്‍സിപ്പാലിറ്റികളിലും കെട്ടിട നിര്‍മാണ സഹായകേന്ദ്രങ്ങള്‍ രൂപീകരിച്ചു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുകയെന്നതാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം.
ലൈഫ് മിഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയുമായി സഹകരിച്ചാണ് ഗുണഭോക്താക്കള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നത്.
ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള
ഭവന നിര്‍മാണത്തിനാവശ്യമായ സ്‌കെച്ച്, പ്ലാന്‍, വിദഗ്ധരുടെ സഹായം എന്നിവയും ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും.
പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങളും കഌസ്റ്റര്‍ വീടുകളും നിര്‍മിക്കുന്നതിനാണ് ഊന്നല്‍. നാലാംഘട്ടത്തില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് ശ്രമിക്കുക.