ഉദ്ഘാടനം ഗവര്‍ണറും സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രിയും നിര്‍വഹിക്കും

തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലത്തപ്പെടുത്തുക, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടക്കും. കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം 16ന് ഗവര്‍ണര്‍ ജസ്റ്റിസ് ശ്രീ പി. സദാശിവവും 19ന് സമാപന സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.

ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആയുഷ്‌മേഖലയില്‍ സ്വാംശികരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു.

രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധ ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍, സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നു.
ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി തുടങ്ങിയ വകുപ്പുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനില്‍പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വ്വകലാശാല തുടങ്ങിയ ഏജന്‍സികളുടെയും പങ്കാളിത്തവും കോണ്‍ക്ലേവിലുണ്ട്.

ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളജില്‍ നിന്ന് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കുന്നു.
ആരോഗ്യ എക്‌സ്‌പോ 15 മുതല്‍
സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടില്‍ ഫെബ്രുവരി 15 ന് ആരംഭിച്ച് നാലു ദിവസം നീണ്ടുനില്കുന്ന ആരോഗ്യ എക്‌സ്‌പോ ആയുഷ് കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളും കേരളത്തിലെ ഗവണ്‍മെന്റ് – സ്വകാര്യ സ്ഥാപനങ്ങളും ആരോഗ്യ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു.ആരോഗ്യമേഖലയില്‍ ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ ഇടപെടല്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അവബോധം ഉണ്ടാക്കുന്നതിന് ആരോഗ്യ എക്‌സ്‌പോയിലൂടെ കഴിയും.
എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു. 17 ആയുര്‍വേദ കോളേജുകളും 5 ഹോമിയോ കോളേജുകളും യുനാനി, സിദ്ധ, യോഗ & നാച്ചുറോപ്പതി കോളേജുകളും എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. ഓരോ കോളേജും ആയുഷ് മേഖലയിലെ സ്‌പെഷ്യാലിറ്റികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവുപകരുന്ന വിധത്തിലാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

15 ന് എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്്

ചരിത്രത്തിലാദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികള്‍ക്ക് മികവിന്റെ മാറ്റുരയ്ക്കാന്‍ വേദിയൊരുക്കുകയാണ് എല്‍.എസ്.ജി.ഡി. മീറ്റിന്റെ ലക്ഷ്യം. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനം നല്‍കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി (എല്‍.എസ്.ജി.ഡി.) റ്റി.കെ ജോസ് മുഖ്യപ്രഭാഷണം നടത്തും.

ജില്ലാതലത്തില്‍ സ്‌ക്രീനീംഗ് നടത്തി ഉത്തര ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് അവതരിപ്പിക്കുക. അവയില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്ക് സമ്മാനം നല്‍കും. ആയുര്‍വേദത്തിലെ എട്ടും ഹോമിയോപ്പതിയിലെ നാലും പദ്ധതികളുമാണ് അവസാന ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷിക്കാര്‍, ഗോത്രവര്‍ഗക്കാര്‍, പാലിയേറ്റീവ് രോഗികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിയ വിഭിന്നമായ ആയുഷ് ജനകീയാസൂത്രണ പദ്ധതികള്‍ ഇതില്‍പ്പെടും.

16ന് ആയുഷ് കോണ്‍ക്ലേവ് ഔദ്യോഗിക ഉദ്ഘാടനം

കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 16 ന് രാവിലെ 10 ന് ഗവര്‍ണര്‍ ജസ്റ്റിസ് ശ്രീ പി. സദാശിവം നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായക് ,ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി.ശശി, പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വികെ മധു, കേരള യൂണിവേ്‌ഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ പങ്കെടുക്കും

16ന് ഗുഡ് ഫുഡ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഉദ്ഘാടന ദിവസം തന്നെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളില്‍ ഗുഡ് ഫുഡ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാവിലെ 11.30 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
ചികിത്സാ, ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖരും യുവ കര്‍ഷക പ്രതിഭകളും ഗുഡ് ഫുഡ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. പോഷണ വ്യതിയാനം, അമിതാഹാരം, വികലമായ ആഹാരം എന്നീ സമകാലിക പ്രശ്‌നങ്ങളും ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും. ഭക്ഷണത്തിന്റെ ഉത്പാദനം, സംസ്‌കരണം, വിപണനം വ്യവസായം എന്നിവയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്ന വേദി കൂടിയായിരിക്കുമിത്. പരമ്പരാഗത വൈദ്യശാസ്ത്രങ്ങളുടെ പിന്‍ബലത്തില്‍ ആരോഗ്യകരമായ ആഹാരത്തിന്റെ ബദല്‍ രൂപപ്പെടുത്തുകയാണ് ഗുഡ് ഫുഡ് കോണ്‍ക്ലേവിന്റെ ലക്ഷ്യം.

15 മുതല്‍ 18 വരെ പൊതുജനങ്ങള്‍ക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായി ജവഹര്‍ ബാലഭവന്‍ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകള്‍ സംഘടിപ്പിക്കും.

16 മുതല്‍ ബിസിനസ് കോണ്‍ക്ലേവ്

ഡ്രഗ് പോളിസി വര്‍ക് ഷോപ്പ്

ഫെബ്രുവരി 16 ന് കനകക്കുന്ന് പാലസ് ഹാളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന ഡ്രഗ് പോളിസി വര്‍ക് ഷോപ്പില്‍ എന്‍.എച്ച്.എം., എന്‍.എ.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എ.എസ്.യു. ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. റ്റി. ഡി ശ്രീകുമാര്‍ ഡ്രഗ് പോളിസി പരിചയപ്പെടുത്തും.

17ന് ബിസിനസ് മീറ്റ്

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലവിനോട് അനുബന്ധിച്ച് ഫെബ്രുവരി 17 ന് രാവിലെ 9.30 മുതല്‍ കനകക്കുന്ന് പാലസ് ഹാളില്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചര്‍ച്ച ഉണ്ടാകും. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ബി. സത്യന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.റ്റി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ മുഖ്യാതിഥിയാകും. എന്‍.ബി.എച്ച്. സീനിയര്‍ ഡയറക്ടര്‍ ഗായത്രി വി മഹിന്ദ്രു മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ വിവിധ ആയൂര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട്ര ആരോഗ്യ, വിനോദസഞ്ചാര മാധ്യമ പ്രതിനിധികളും പങ്കെടുക്കും. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈ സെഷനില്‍ അവതരണങ്ങള്‍ ഉണ്ടാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉത്പന്നമായി മാറ്റുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യും.

18 ന് കര്‍ഷക സംഗമം

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ഔഷധസസ്യ കര്‍ഷകസംഗമം ഫെബ്രുവരി 18 ന് കനകക്കുന്ന് പാലസ് ഹാളില്‍ നടക്കും. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംരംഭത്തില്‍ ഔഷധസസ്യ പരിചയം, ശാസ്ത്രീയമായ ഔഷധസസ്യകൃഷി, ഔഷധ സസ്യ സംരക്ഷണം, പരിപാലനം, വിപണന സാധ്യതകള്‍ തദ്ദേശ സ്വയംഭരണ തലത്തിലുള്ള മറ്റ് സാധ്യതകള്‍, ഔഷധസസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ സംസാരിക്കും.

ഔഷധ കൃഷിയില്‍ താല്പര്യമുള്ള ഇരുന്നൂറോളം കര്‍ഷകര്‍ പങ്കെടുക്കുന്ന ഈ മീറ്റില്‍ അവരുടെ അനുഭവങ്ങള്‍, കൃഷിയുമായും വിപണനവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും.

ദേശീയ ഔഷധസസ്യ ബോര്‍ഡ് പ്രതിനിധിയുടെ സാന്നിധ്യവും മീറ്റില്‍ ഉണ്ടാകും. ഔഷധ സസ്യകൃഷിയും വിപണനവും വിജയകരമായി നടത്തിവരുന്ന കര്‍ഷക സംഘങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവരുടെ അനുഭവം പങ്കു വയ്ക്കും.

18 ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്

ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഫെബ്രുവരി 18ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ കനകക്കുന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് എന്‍ജിനീയേഴ്സ് ഹാളില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവില്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തുന്നു.. വിദഗ്ദ്ധരും പുതുസംരംഭകരും പങ്കെടുക്കുന്ന ചടങ്ങില്‍ ആയുഷ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉണ്ടാവും.
ആയുഷ് മേഖലയിലെ പുതിയ സംരംഭകരെ പരിചയപ്പെടുത്തുന്നതോടൊപ്പം നൂതന ആശയങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും മാര്‍ഗ നിര്‍ദ്ദേശങ്ങളും വിദഗ്ദ്ധരില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ് സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ വിജയം കൈവരിച്ച സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും പുതുസംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. കൂടാതെ, ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

കലാപരിപാടികള്‍

16 മുതല്‍ 18 വരെ നിശാഗന്ധിയില്‍ വിവിധ കലാപരിപാടികള്‍ രാത്രി 9 മണിവരെ ഉണ്ടായിരിക്കുന്നതായിരിക്കും.

19ന് സമാപന സമ്മേളനം

ഫെബ്രുവരി 19 ന് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, മേയര്‍ ശ്രീ വി.കെ. പ്രശാന്ത്, എം പി മാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.