കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ പിന്നോക്ക പ്രദേശവും 16 ൽ അധികം ആദിവാസി കോളനികൾ ഉൾപ്പെടുന്ന പ്രദേശവുമായ കുട്ടമ്പുഴ കേന്ദ്രീകരിച്ച് സർക്കാർ കോളേജ് ആരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും,പ്രസ്തുത റിപ്പോർട്ട് പരിഗണിച്ച് പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ ചൂണ്ടിക്കാട്ടി. കെട്ടിടമടക്കമുള്ള മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാമെന്ന് കാണിച്ച് താൻ മുൻപ് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുള്ളതും എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും, എംഎൽഎയുടെ കത്തും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ കോളേജ് ആരംഭിക്കുന്നതിനായി 3 സ്ഥലങ്ങൾ നിർദേശിച്ചിട്ടുണ്ട്. അനുയോജ്യമായ സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് പരിശോധിച്ച് വരുന്നതായും ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.