അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പിെൻറ കീഴിലുള്ള വിശ്രമ കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളായി ഉയർത്തുമെന്നും കുറഞ്ഞ ചിലവിൽ സഞ്ചാരികൾക്കും ഉപയോഗ പ്രദമാകുന്ന തരത്തിൽ മാറ്റുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. മഹാത്മാഗാന്ധിയുടെ സന്ദർശനം കൊണ്ട് പ്രശസ്തമായ അമ്പലപ്പുഴ കരുമാടിയിൽ നിർമ്മിക്കുന്ന പൊതുമരാമത്തു വകുപ്പ് വിശ്രമ കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിൻറെ കീഴിൽ അഴിമതി രഹിതവും സുതാര്യവുമായ വികസന പ്രവർത്തങ്ങളാണ് സംസ്ഥാനത്ത് ഉടനീളം നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിെൻറ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് റസ്റ്റ് ഹൗസ് നിർമ്മാണോദ്ഘാടനം നടന്നത്. ജില്ല കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. 3.30 കോടി രൂപ ചെലവിലാണ് പുതിയ റസ്റ്റ് ഹൗസ് കെട്ടിടം നിർമിക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ശോഭാ ബാലൻ, ബിന്ദു ബൈജു, കരുമാടി മുരളി, സൂപ്രണ്ടിങ് എൻജിനീയർ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.