ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 65 ലക്ഷത്തിലേറെ രൂപ വരുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യവിതരണം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറിന്റെ ് വിതരണം , പാടശേഖരസമിതികൾക്ക് പെട്ടിയും പറയും മോട്ടോറും വിതരണം, പരമ്പരാഗത കൈത്തൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായവിതരണം, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം, ഭിന്നശേഷിയുള്ളവർക്കുള്ള സഹായ ഉപകരണ വിതരണം എന്നിവയാണ് മന്ത്രി നിർവഹിച്ചത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണഘടനാപരമായ വരവോടെ അടിസ്ഥാന മേഖലയിലുള്ള വികസനത്തിൽ വലിയ മുന്നേറ്റം കാണാൻ കഴിയുമെന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പദ്ധതി വഴി വിതരണം ചെയ്യുന്ന സൈഡ് വീൽ ഘടിപ്പിച്ച 10 സ്‌കൂട്ടറുകളും കൂടി മന്ത്രി വിതരണം ചെയ്തു. 35 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്‌കൂട്ടർ വിതരണത്തിനായി നീക്കിവച്ചിട്ടുള്ളത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 7 പാടശേഖരസമിതികൾക്കായി 30 ലക്ഷം രൂപ ചെലവിലാണ് പെട്ടിയും പറയും മോട്ടോറും വിതരണം ചെയ്തത്. 23 ലക്ഷം രൂപ പരമ്പരാഗത തൊഴിൽ ചെയ്യുന്ന കയർപിരി ഗ്രൂപ്പുകൾക്ക് നൽകി. 190 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണ വിതരണം നടത്തിയത് . ഇതിനായി 9 ലക്ഷത്തോളം രൂപ ചെലവഴിച്ചു. ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ടി.മാത്യു, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുവർണ്ണ പ്രതാപൻ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധർമ്മ ഭുവനചന്ദ്രൻ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഫ്‌സത്ത്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് ഹാമിദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എസ് മായാദേവി, പ്രജിത്ത് കാരിക്കൽ, ഗീത ബാബു, എൻ.മുരളീധരൻ, എ.രജിത എന്നിവർ പ്രസംഗിച്ചു.