———————————————————————-

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി ഭാഗത്തുള്ള നാലുചിറ പാലം 40 കോടിക്കും തകഴി പഞ്ചായത്തിലുള്ള പടഹാരം പാലം 52 കോടിക്കും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ കരാർ ഒപ്പിട്ടതായി പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കിഫ്ബി ചീഫ് എഞ്ചിനീയർ ബിനുവും കരാറുകാരായ സെഗോറയും തമ്മില്ലാണ് ഒപ്പുവെച്ചത്. കരാറുകാർക്ക് സാമ്പത്തികമായി എല്ലാ സഹായവും നൽകാൻ ഇൻകൽ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. മാർച്ച് 5 തീയതി രാവിലെ ഇതിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. 2020 ഡിസംബർ അവസാനത്തോടുകൂടി ഇതിന്റെ പൂർത്തീകരണം ഉണ്ടാകും.

നാലുചിറ പാലം നിർമ്മിക്കുന്നതോടൊപ്പം നാലുചിറ – കരുമാടി പുതിയ റോഡിന്റെ നിർമ്മാണത്തിനും ടെണ്ടർ ആകുന്നുണ്ട്. തിരുവല്ല – ചങ്ങനാശ്ശേരി റോഡിലേക്കും കരുവാറ്റ – കുറ്റിപ്പുറം റോഡിലേക്കും ദേശീയപാതയിലേക്കും പോകാൻ സാധിക്കും. ഒരു നൂറ്റാണ്ടായുള്ള ആളുകളുടെ ആവശ്യമായിരുന്നു യാഥാർത്ഥ്യമാകുന്നത്. മന്ത്രി ജി.സുധാകരൻ എം.എൽ.എ ആയിരുന്നപ്പോൾ പണം അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാരിന്റെ നാഷണൽ വാട്ടർവെയ്‌സ് നിയമപ്രകാരം പാലം അനുവദിച്ചില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ ജലനിരപ്പിൽ നിന്ന് 7 മീറ്റർ ഉയർത്തി പണി നടത്തി കൊള്ളാൻ അനുമതി നൽകി. അപ്പോൾ ചെലവ് കൂടുമെങ്കിലും അനുമതി ലഭിച്ചു.

തകഴിയിലെ പടഹാരം പാലം 52 കോടിക്കും ഇതോടൊപ്പം തന്നെ കരാറിൽ ഒപ്പിട്ടു. അത് തകഴിയെ സംബന്ധിച്ച് മാത്രമല്ല, ആലപ്പുഴയെ സംബന്ധിച്ചും ഏറ്റവും പ്രധാനമായൊരു നേട്ടമാണ്. ചമ്പക്കുളം – കനാൽ ജെട്ടി പാലവും ചെങ്ങന്നൂർ മിത്രമഠം പാലവും കഴിഞ്ഞ ദിവസങ്ങളിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ മാത്രം 41 പാലങ്ങളാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് 450 ഓളം പാലങ്ങൾ നിർമ്മിക്കുകയാണ്. ഇത് ചരിത്രമാകുകയാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി ജി.സുധാകരൻ അഭ്യർത്ഥിച്ചു.

ആയിരം ദിനങ്ങൾക്കുള്ളിൽ 2500 കോടി രൂപയുടെ സെ്ൻട്രൽ റോഡ് ഫണ്ട് വിനിയോഗിക്കാനായി
-മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: സർക്കാർ ആയിരം ദിനം പൂർത്തിയാക്കിയപ്പോൾ 2500 കോടി രൂപ സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ കഴിഞ്ഞതായി പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇത് കേരള ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. അയ്യൻകോയിക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറു വശം വെച്ച് നടന്ന ചടങ്ങിൽ കളർകോട് വ്യാസ ജംഗ്ഷൻ അയ്യൻകോയിക്കൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 12 വർഷം മുമ്പ് വരെ പഞ്ചായത്ത് റോഡ് ആയിരുന്ന ഈ റോഡിനെ പൊതുമരാത്തു വകുപ്പ് ഏറ്റെടുത്തു. തീരദേശ ജനതയ്ക്ക് ഏറ്റവും ഉപയോഗപ്രദമാക്കുന്ന രീതിയിൽ സി ആർ എഫ് ഫണ്ട് ഉപയോഗിച്ച അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനർനിമിച്ചിരിക്കുകയാണെന്നും ഈ റോഡ് പൂർണമായും മത്സ്യതൊഴിലാളികൾക്കും തീരവാസികൾക്കും ഉപയോഗപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ഗവണ്മെന്റ് നല്ല രീതിയിൽ പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. അടിസ്ഥാന വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ 50000 കോടി രൂപയുടെ വികസനമാണ് പൊതുമരാമത്തു വകുപ്പ് മൂന്നു വർഷത്തിനുള്ളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ 3000ത്തോളം വരുന്ന പാലങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിനാണ് ഇപ്പോൾ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ആധുനിക കേരളം ആധുനിക ആലപ്പുഴ ‘ ആലപ്പുഴയെ പുതുക്കിപ്പണിയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് നിലവിൽ ജില്ലയിൽ പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും ആവിഷ്‌കരിക്കുന്നതുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2016-2017 സി ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ മുടക്കിൽ 16.2 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. കളർകോട് നിന്ന് നാട മുറിച്ചു 100 കണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തീരവാസികളുടെ നിർലോഭമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുറന്ന ജീപ്പിൽ കളർകോട്, വാടയ്ക്കൽ, വിയാനിപ്പള്ളി,വ്യാസ ജംഗ്ഷൻ, അയ്യങ്കോയിക്കൽ റോഡിലൂടെയാണ് മന്ത്രി ഉദ്ഘടന ചടങ്ങിന് എത്തി ചേർന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ അധ്യക്ഷനായ യോഗത്തിൽ ദക്ഷിണ മേഖല വിഭാഗം സൂപ്രിങ് എഞ്ചിനീയർ എസ് സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡോ സിനി, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ്, വൈസ് പ്രസിഡന്റ് മായാദേവി, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ലാൽ, എന്നിവർ സംസാരിച്ചു.