ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ്, എക്‌സൈസ്, നികുതി വകുപ്പുകള്‍  ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുവരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അനധികൃതമായി സൂക്ഷിക്കുന്ന ലഹരി വസ്തുക്കള്‍, പണം, മാരകായുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന്, അനധികൃത മദ്യം  എന്നിവയുടെ നിര്‍മ്മാണവും വിപണനവും തടയുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയ്ക്ക് പുറത്തുനിന്നും മദ്യം കടത്തികൊണ്ടുവരുന്നത് തടയാന്‍ കര്‍ശന  നിരീക്ഷണമുണ്ട്. തോക്ക് കൈവശം സൂക്ഷിക്കുന്നവര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ  സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ജില്ലയില്‍ 1706 പേര്‍ക്കാണ് തോക്ക് സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉളളത്. ഇവരില്‍ 1610 പേര്‍ ഇതുവരെ സറണ്ടര്‍ ചെയ്തിട്ടുണ്ട്.
ജില്ലയുടെ വള്‍നറബിലിറ്റി മാപ്പിംഗ് പോലീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്. പൊതുവെ സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.  വകുപ്പുകള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എഡിഎം സി. അജിതകുമാര്‍, തിരഞ്ഞെടുപ്പ്  ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.എം നാസര്‍,  എഎസ്പി എ. നസീം, ജി.എസ്.റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. അരുണ്‍, ഡിഡിഐറ്റി ജെ. ശിവസുബ്രഹ്മമണ്യന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.