ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് സമാധാനപൂർവവും നീതി പൂർവവുമായി നടത്തുന്നതിന് പൊലീസും എക്‌സൈസും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകൾ, തിരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് കളക്‌ട്രേറ്റിൽ ചേർന്ന ജില്ലാ പോലീസ് മേധാവിയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എക്‌സൈസ് ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

ജില്ലയിലെ വിവിധ പ്രശ്‌ന ബാധിത ബൂത്തുകളെ സെൻസിറ്റീവ്, വൾനറബിൾ, ക്രിറ്റിക്കൽ എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് പോലീസ് തയ്യാറാക്കിയ ലിസ്റ്റ് യോഗം പരിഗണിച്ചു. ഇത് സംബന്ധിച്ച് പരിശോധന നടത്തി മാർച്ച് 20 ന് അവസാന പട്ടിക കൈമാറാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വച്ചിരിക്കുന്നവർ എത്രയും പെട്ടെന്ന് അത് തിരിച്ചേൽപ്പിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതുസംബന്ധിച്ച എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മറ്റി അടിയന്തിരമായി കൂടാനും നിർദ്ദേശം നൽകി. കേന്ദ്ര സേന സംബന്ധിച്ചുള്ള റിപ്പോർട്ടും ഉടൻ തയ്യാറാക്കും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ചിട്ടുള്ള വിവിധ സ്‌ക്വാഡുകളിലേക്ക് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ കളക്ടർ നിർദ്ദേശിച്ചു. വിവിപാറ്റ് മെഷീൻ ഉൾപ്പടെയുള്ളവയുടെ സുഗമമായ നീക്കത്തിന് ആവശ്യമായ സേനയെ നേരത്തെതന്നെ തയ്യാറാക്കി നിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക പൂർണമായാൽ അത്തരം സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, ക്രമസമാധാനച്ചുമതലയുള്ള നോഡൽ ഓഫീസർ എം.ഡി.എം. ഐ.അബ്ദുൾ സലാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടികളക്ടർ അതിൽ എസ്.നാഥ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.