ഉടമയുടെ അനുമതിപത്രമില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ പാട്ടീല്‍ നിര്‍ദേശിച്ചു.
 
 ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തില്‍ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികള്‍ക്കും അനുമതിപത്രം  നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കപ്പെടുന്നുണ്ടെന്നും  ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകന്‍ വിലയിരുത്തി. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ നിരീക്ഷണ സെല്‍, തിരഞ്ഞെടുപ്പ് കോള്‍ സെന്‍റര്‍-  സി വിജില്‍ കണ്‍ട്രോള്‍ ഡസ്കുകള്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിംഗ് നോഡല്‍ ഓഫീസറുടെ കാര്യാലയം, വീഡിയോ വ്യൂവിംഗ് സെന്‍റര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരീക്ഷകന്‍  സന്ദര്‍ശനം നടത്തി.
 
തിരഞ്ഞെടുപ്പിന്‍റെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോലീസ് ഒബ്സര്‍വര്‍ മാന്‍സിംഗ്, ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.