എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊയിലാണ്ടി തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലയം കൊയ്തത് നൂറുമേനി വിജയം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 100% വിജയം നേടിയ ഒരേ ഒരു സ്‌കൂളാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിന് അര്‍ഹരായി
തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ മാത്രം താമസിച്ച് പഠിക്കുന്ന ഈ വിദ്യാലയം 25ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും യൂണിഫോമുള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്‌കൂളില്‍ നിന്ന് തന്നെയാണ് നല്‍കുന്നത്. വര്‍ഷങ്ങളായി 100% വിജയം കരസ്ഥമാക്കി മുന്നേറുന്ന വിദ്യാലയത്തില്‍ 13 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി അഭിമാനാര്‍ഹനേട്ടം കൈവരിച്ചത്. വിദ്യാര്‍ത്ഥിനി ശിവപ്രിയ അനില്‍കുമാര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 26 പേര്‍ പരീക്ഷ എഴുതുകയും മുഴുവന്‍ പേരും വിജയിക്കുകയും ഒരു കുട്ടി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാര്‍ത്ഥികളുടെ ചിട്ടയോടെയുള്ള പഠനവും അധ്യാപകരുടെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനവും പിടിഎയുടെ പരിപൂര്‍ണ്ണ പിന്തുണയും സ്‌കൂളിനെ മികച്ച വിജയത്തിലേക്കെത്തിച്ചു.