ഹയർസെക്കൻഡറി വിജയശതമാനം ഉയർന്നു: 84.33, വിഎച്ച്എസ്ഇ 80.07
ഈ വർഷത്തെ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ആകെ 2047 പരീക്ഷാകേന്ദ്രങ്ങളിലായി സ്‌കൂൾ ഗോയിങ് റെഗുലർ വിഭാഗത്തിൽ 3,69,238 പേർ പരീക്ഷ എഴുതിയതിൽ 3,11,375 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 84.33 ശതമാനം. കഴിഞ്ഞവർഷത്തെ വിജയശതമാനം 83.75 ആയിരുന്നു.
14,244 പേർ എല്ലാ വിഷയത്തിനും എ പ്‌ളസ് ഗ്രേഡിനർഹത നേടി. 25,581 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ ഗ്രേഡോ അതിനു മുകളിലോ നേടി.
പരീക്ഷ എഴുതിയ 1,95,577 പെൺകുട്ടികളിൽ 1,78,264 പേരും (91.15 ശതമാനം) 1,75,159 ആൺകുട്ടികളിൽ 1.34.174 പേരും (76.60 ശതമാനം) ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.  1,79,114 സയൻസ് വിദ്യാർഥികളിൽ 1,54,112 പേരും (86.04 ശതമാനം), 76,022 ഹ്യുമാനിറ്റീസ് വിദ്യാർഥികളിൽ 60.681 പേരും (79.82 ശതമാനം), 1,14,102 കോമേഴ്‌സ് വിദ്യാർഥികളിൽ 96,582 പേരും (84.65 ശതമാനം) ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതനേടി.
സർക്കാർ മേഖലയിലെ സ്‌കൂളുകളിൽനിന്ന് പരീക്ഷ എഴുതിയ 1,55,487ൽ 1,29,118 പേരും (83.04 ശതമാനം), എയ്ഡഡ് മേഖലയിലെ 1,87,296ൽ 1,61,751 പേരും (86.36) അൺ എയ്ഡഡ് മേഖലയിലെ 26,235ൽ 20,289 പേരും (77.34 ശതമാനം) ഉന്നതപഠനത്തിന് അർഹത നേടി.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. 87.44. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം.
പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച 79 സ്‌കൂളുകളാണുള്ളത്. മുപ്പതിൽതാഴെ വിജയശതമാനമുള്ള സ്‌കൂളുകൾ 27. 183 വിദ്യാർഥികൾ 1200-ൽ 1200 സ്‌കോറും കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്്ക്ക് സജ്ജരാക്കിയത്  തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളാണ്. 802 വിദ്യാർഥികൾ. വിജയശതമാനം 94.91 ശതമാനം.
സ്‌കോൾ കേരള മുഖാന്തരം രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ 58,895 വിദ്യാർഥികളിൽ 25,610 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 43.48 ശതമാനം.
ഹയർസെക്കൻഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽനിന്നായി 1420 പേർ പരീക്ഷയ്ക്കിരുന്നതിൽ 990 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 69.72 ശതമാനം. കലാമണ്ഡലം ആർട്ട് സ്‌കൂളിൽ 78 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 73 പേർ വിജയിച്ചു. വിജയശതമാനം 93.59 ശതമാനം.
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 389 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 28,571 വിദ്യാർഥികളിൽ 22,878 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 80.07. ഏറ്റവും ഉയർന്ന വിജയശതമാനം വയനാട് ജില്ലയിലാണ്. 85.57 ശതമാനം. കുറഞ്ഞ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 67.79. എല്ലാ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയത് 63 പേരാണ്. 18 സർക്കാർ സ്‌കൂളുകളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം കൈവരിച്ചു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്.