നിയമവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന വ്യക്തിയായിരുന്നു പ്രൊഫസർ എൻ ആർ മാധവമേനോൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  നിയമവിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയിൽ  പകർന്നുകൊടുക്കാൻ മാധവമേനോന് സാധിച്ചു.
ബാംഗ്‌ളൂരിലെ നാഷണൽ ലോ സ്‌കൂൾ സ്ഥാപിതമായത് മാധവമേനോന്റെ ശ്രമഫലമായിരുന്നു. തുടർന്ന് കൊൽക്കത്തയിൽ ഇത്തരത്തിൽ ഒരു സ്ഥാപനം  തുടങ്ങാൻ അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസു അദ്ദേഹത്തെ ക്ഷണിക്കുകയും ഇന്ത്യയിലെ രണ്ടാമത്തെ നിയമ സർവകലാശാല കൊൽക്കത്തയിൽ സ്ഥാപിതമാവുകയുമായിരുന്നു. അതിന്റെ  ആദ്യ വൈസ് ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ടതും മാധവമേനോനായിരുന്നു.  ജഡ്ജിമാർക്ക് പരിശീലനം നൽകുന്ന ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ രൂപീകരണത്തിലും  മാധവമേനോൻ പ്രധാന പങ്ക് വഹിച്ചു. എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് നിയമരംഗത്ത്  അദ്ദേഹം ഉണ്ടാക്കിയത്.   കേരളത്തിൽ അഭിഭാഷകർക്ക് പരിശീലനം നൽകാനുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ നിയമമേഖലയിൽ സജീവമായിരുന്നു എൻ.ആർ. മാധവമേനോനെന്ന്  മുഖ്യമന്ത്രി അനുസ്മരിച്ചു.