എൻ. ആർ മാധവമേനോന്റെ നിര്യാണത്തിൽ നിയമമന്ത്രി എ കെ ബാലൻ അനുശോചിച്ചു. നിയമവിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നു മാധവമേനോൻ. ഇന്ത്യയിൽ നിയമപഠനത്തിന് ദിശാബോധം നൽകുകയും ദേശീയ നിയമസർവകലാശാലകളടക്കം നിരവധി സ്ഥാപനങ്ങൾ ആരംഭിക്കുകയും അവയുടെയെല്ലാം സാരഥ്യം വഹിക്കുകയും ചെയ്തു. സെൻട്രൽ-സ്റ്റേറ്റ് റിലേഷൻ കമ്മീഷൻ അംഗം, നാഷണൽ പോളിസി ക്രിമിനൽ ജസ്റ്റിസ് ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാർ, നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടർ, ലോ കമ്മീഷൻ അംഗം, കോമൺവെൽത്ത് ലീഗൽ എഡ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിരവധി നിയമപഠനഗവേഷണ സ്ഥാപനങ്ങളിലും കമ്മിറ്റികളിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. നിയമവിദ്യാഭ്യാസ രംഗത്തെ കുലപതിയായ അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിന് വലിയ നഷ്ടമാണ്, അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
