നിയമനങ്ങൾ മാറ്റങ്ങൾ

കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നൽകും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകൾക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നൽകും.

കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽകർക്ക് കാർഷിക വികസന – കർഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

ലാന്റ് ബോർഡ് സെക്രട്ടറി സി.എ. ലതയെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും.

ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ യു.വി. ജോസിനെ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

എറണാകുളം കലക്ടർ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കലക്ടർ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ഐ ആന്റ് പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷിനെ കണ്ണൂർ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ

ഒമ്പത് തീരദേശ ജില്ലകളിൽ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 22.5 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

വിവിധ വകപ്പുകളുടെ ജില്ലാ തലവൻമാരെ ഉൾപ്പെടുത്തി കലക്ടർമാരുടെ നേതൃത്വത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മേൽനോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

പ്രളയം: അവശതയുള്ള കുടുംബങ്ങൾക്ക് അധിക ധനസഹായം

2018-ലെ പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായം നൽകുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യു.എൻ.ഡി.പിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളിൽ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ 15 ശതമാനത്തിൽ കൂടുതൽ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാൻസർ രോഗികളുള്ള കുടുംബങ്ങൾ, ഡയാലിസിസിന് വിധേയരാകുന്നവർ ഉൾപ്പെടുന്ന കുടുംബങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുമുള്ള വിധവകൾ കുടുംബനാഥർ ആയിട്ടുള്ള കുടുംബങ്ങൾ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.

കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതി

എറണാകുളം എസ്.എൻ. ജംഗ്ഷൻ മുതൽ തൃപ്പുണിത്തുറ റെയിൽവെ സ്റ്റേഷൻ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീർഘിപ്പിക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 356 കോടി രൂപയാണ് ഇതിനു ചെലവ്.

തസ്തികകൾ

മത്സ്യഫെഡിന്റെ ആലപ്പുഴ ആറാട്ടുപുഴയിൽ പ്രവർത്തനം തുടങ്ങുന്ന ഫിഷ് മിൽ ആന്റ് ഓയിൽ പ്ലാന്റിനു വേണ്ടി 15 തസ്തികകൾ താൽക്കാലികാടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഫിഷറീസ് വകുപ്പിന് കീഴിൽ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കു സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന് മെമ്പർ സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് എക്‌സറ്റൻഷൻ ഓഫീസർ, സീനിയർ ക്ലർക്ക് ക്ലർക്ക് എന്നിവയുടെ ഓരോ തസ്തിക സൃഷ്ടിക്കാനും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് എന്നിവയുടെ ഓരോ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ സൃഷ്ടിക്കാനും തീരുമാനിച്ചു.

കൂത്തുപറമ്പ് സർക്കാർ ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ രണ്ട് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ 12 അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

റിട്ട. പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ എം.എൻ. ജീവരാജിനെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഒരു വർഷത്തേക്ക് പുനർനിയമനവ്യവസ്ഥപ്രകാരം നിയമിക്കാൻ തീരുമാനിച്ചു.

ശമ്പളപരിഷ്‌കരണം

ഫിഷറീസ് വകുപ്പിലെ എസ്.എൽ.ആർ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

27 റോഡ് ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിന് ധാരണാപത്രം

കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിന് കേന്ദ്രസർക്കാരുമായും റെയിൽവെയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നൽകി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെർപ്പുളശ്ശേരി പട്ടണത്തിലെ ഓവർബ്രിഡ്ജ് നിർമ്മാണത്തിനു പകരമായി ‘ചെർപ്പുളശ്ശേരി ബൈപാസ് നിർമാണവും നഗരവികസനവും’ എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോർഡ് മുഖേന ചെയ്യാൻ അനുമതി നൽകി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്.