പാലക്കാട് നഗരസഭാ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ജൂണ്‍ 15 മുതല്‍ ശേഖരിക്കാന്‍ ആരംഭിക്കും. അജൈവം, സാനിറ്ററി നാപ്കിനുകള്‍, ഇ-വേസ്റ്റ് തുടങ്ങിയവ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ദിവസങ്ങളിലായി ശേഖരിക്കും. ഓരോ മാലിന്യവും ശേഖരിക്കുന്ന ദിവസങ്ങള്‍ വ്യക്തമാക്കുന്ന മാലിന്യശേഖരണ കലണ്ടര്‍ നഗരസഭ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. മാലിന്യങ്ങള്‍ തരം തിരിക്കേണ്ടതെങ്ങനെ, ഏതെല്ലാം ദിവസങ്ങളിലാണ് നല്‍കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ കലണ്ടറിലുണ്ടാകും. ഇതനുസരിച്ചായിരിക്കണം മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയെ ഏല്‍പ്പിക്കേണ്ടത്.
വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യത്തിന് 100 രൂപയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്നവയ്ക്ക് 25 കിലോയ്ക്ക് 300 രൂപയുമാണ് പ്രതിമാസം ഈടാക്കുക. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം 25 കിലോയില്‍ അധികമായാല്‍ അധികം വരുന്ന ഓരോ 10 കിലോയ്ക്കും 100 രൂപ വീതം അധികചാര്‍ജ്ജ് ഈടാക്കും.
നഗരസഭയുടെ ഓരോ വാര്‍ഡിലും ചുമതലപ്പെടുത്തിയ ഹരിതകര്‍മസേനാംഗങ്ങള്‍ മാലിന്യം ശേഖരിച്ച് വാര്‍ഡുകളിലെ നിശ്ചിത സ്ഥലത്ത് എത്തിക്കുകയും ഇവിടെ നിന്നും നഗരസഭയുടെ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലേക്ക് നീക്കുകയും ചെയ്യും. കുപ്പി, പ്ലാസ്റ്റിക്, തുണി എന്നിങ്ങനെ തരംതിരിച്ചാണ് മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലേക്ക് നീക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 15 ദിവസത്തിലൊരിക്കലും ഇ-വേസ്റ്റ്്, അത്തരത്തിലുള്ള മറ്റു അജൈവമാലിന്യങ്ങള്‍ എന്നിവ മൂന്നു മാസത്തിലൊരിക്കലുമായിരിക്കും വീടുകളില്‍ നിന്നും ഹരിതകര്‍മസേന ശേഖരിക്കുക.

ജൈവമാലിന്യത്തില്‍ നിന്നുമുള്ള ജൈവവളം വില്‍പനയ്ക്ക് തയ്യാറാവുന്നു

ജില്ലയിലെ കര്‍ഷകര്‍ക്കായി ജൈവ മാലിന്യത്തില്‍ നിന്നും ഗുണമേന്‍മയുള്ള ജൈവവളം പാലക്കാട് നഗരസഭ വിതരണത്തിന് തയ്യാറാക്കി. നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളില്‍ നിന്നാണ് ജൈവവളം ഉത്പാദിപ്പിച്ച് നഗരസഭ വിതരണത്തിന് തയ്യാറാക്കുന്നത്. 30 ശതമാനം മണ്ണടങ്ങിയ 65 ടണ്ണോളം ജൈവവളമാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭാ പരിധിയിലുള്ള വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ പ്രത്യേകമായി പ്രൊസസ് ചെയ്താണ് ജൈവവളമാക്കുന്നത്. കാര്‍ഷിക ജില്ലയായ പാലക്കാടിന് കുറഞ്ഞ നിരക്കില്‍ ജൈവവളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഉത്പ്പാദിപ്പിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിച്ചതിനു ശേഷമാണ് വില്‍പനയ്ക്കു തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് വളം വിപണിയിലെത്തുന്നത്. കര്‍ഷകര്‍, പാടശേഖര സമിതികള്‍, വ്യക്തികള്‍ തുടങ്ങി ജൈവവളം ആവശ്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് നഗരസഭയുടെ തീരുമാനം. നിലവില്‍ ക്വട്ടേഷന്‍ നല്‍കിയാണ് വളം നല്‍കുന്നത്. ഫോണ്‍- 9995100264.