ജീവിതശൈലി രോഗങ്ങളും അനാരോഗ്യ അവസ്ഥകളും മറികടക്കാന്‍ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മനിശേരിയില്‍ വനിതകള്‍ക്കായി മാത്രം ആരംഭിച്ച ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ച് വിജയകരമായ ഒരുവര്‍ഷം പിന്നിടുന്നു. സ്ത്രീകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി 2018 മാര്‍ച്ചില്‍ തുടങ്ങിയ നൈസ് ലുക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് സെന്ററില്‍ നിരവധി പേരാണ് എത്തുന്നത്. പരിശീലനം ലഭിച്ച 10 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ജിം വാണിയംകുളം പഞ്ചായത്തിലെ സ്ത്രീ മുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ മികച്ച മാതൃകയാണ്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് മൂന്ന് ലക്ഷവും, ഗുണഭോക്തൃ വിഹിതം ഒരു ലക്ഷവും, ബാങ്ക് വായ്പ മൂന്നു ലക്ഷവുമായി ആകെ ഏഴ് ലക്ഷത്തിലാണ് ജിമ്മിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ലെഗ് പ്രസ്, സ്ട്രീറ്റ് സ്ട്രൈറ്റ്, ബ്യൂട്ടി മസാജര്‍, ഓര്‍ബിറ്റ് ട്രാക്ക്, ഫ്ലാറ്റ് ബെഞ്ച്, മള്‍ട്ടി അഡ്ജസ്റ്റബിള്‍ ബെഞ്ച്, ട്വിസ്റ്റര്‍, അബ്ഡോമിനല്‍ മെഷീന്‍, സ്പിന്‍ ബൈക്ക് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

സ്ത്രീകള്‍ക്ക് മാത്രമായി ഫിറ്റ്നെസ് സെന്ററുകള്‍ ഇല്ലാത്തത് ശാസ്ത്രീയമായ വ്യായാമത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നു. സ്ത്രീ സൗഹൃദ വ്യായാമ അന്തരീക്ഷം വളര്‍ത്തിയെടുക്കുക, ഏത് പ്രായത്തിലും സ്ത്രീകള്‍ക്ക് വ്യായാമം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചാണ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ വരുമാന മാര്‍ഗത്തോടൊപ്പം സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായി കരുത്തുപകരാനും ഇതിലൂടെ സാധിക്കുന്നു. എട്ടാം വാര്‍ഡ് ഈസ്റ്റ് മനിശ്ശേരിയിലെ പ്രധാന പാതയോരത്തുള്ള വാടക കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 5. 30 മുതല്‍ 7 വരെയും, 10 മുതല്‍ 11.30 വരെയും വൈകീട്ട് 4.30 മുതല്‍ 6 വരെയുമാണ് പ്രവര്‍ത്തന സമയം. പ്രദേശവാസികള്‍ക്ക് പുറമേ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ നിന്നായി വിവിധ ഷിഫ്റ്റുകളിലായി ദിവസവും 50ഓളം സ്ത്രീകളാണ് ജിമ്മില്‍ എത്തുന്നത്. ഒരു മാസം 500 രൂപയാണ് ഫീസ്. വാണിയംകുളം ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് നൈസ് ലുക്ക്. ജിമ്മിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കരാട്ടെ, യോഗ പരിശീലനങ്ങളും സ്ത്രീകള്‍ക്കായി ബ്യൂട്ടിപാര്‍ലറും ഒരുക്കിയിട്ടുണ്ട്.