സാക്ഷരത മിഷന്റെ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. പ്രസിഡണ്ടിന്റെ ചേമ്പറിൽ ചേർന്ന ജില്ലാ സാക്ഷരത സമിതി യോഗത്തിൽ തുടർപരിപാടികളും ആസൂത്രണം ചെയ്തു. വയനാട് ആദിവാസി സാക്ഷരത പദ്ധതി ജനപ്രതിനിധികളുടെയും ഡയറ്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു ജില്ലാതല ഉദ്യാഗസ്ഥരുടെയും നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്താനും യോഗത്തിൽ തീരുമാനമായി. 2018-19 വർഷത്തെ വാർഷിക റിപ്പോർട്ടും യോഗത്തിൽ പ്രകാശനം ചെയ്തു.
വയനാട് ആദിവാസി സാക്ഷരത, ആദിവാസി വിഭാഗത്തിനായുള്ള സമഗ്ര, പട്ടിക ജാതി വിഭാഗക്കാർക്കായുള്ള നവചേതന, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചങ്ങാതി, വിവിധ ഭാഷ പഠന സർട്ടിഫിക്കറ്റ് കോഴ്സുകൾ, സാമൂഹ്യ സാക്ഷരത പരിപാടികൾ, നാല്, ഏഴ്, പത്ത്, ഹയർ സെക്കണ്ടറി തുല്യത എന്നിവയാണ് ജില്ലയിൽ നടപ്പാക്കുന്ന പ്രധാന പദ്ധതികൾ.
യോഗത്തിൽ വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ദേവകി, കെ.മിനി, അനില തോമസ്, സമിതി അംഗങ്ങളായ വിവിധ വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മല റേയ്ച്ചൽ ജോയ് സ്വാഗതവും അസി. കോ-ഓർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു.