മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് കെ.എസ്.ഇ.ബി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റുളള അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ബോധവത്ക്കരണത്തിന്റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്യും.

നിർദേശങ്ങൾ

1- വൈദ്യുതി ലൈൻ/ സർവ്വീസ് വയർ പൊട്ടിവീണ് കിടക്കുന്നത് കണ്ടാൽ യാതൊരു കാരണവശാലും അവയിൽ സ്പർശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസിൽ ഉടനടി വിവരം അറിയിക്കുക.

2- ഇടിമിന്നൽ ഉളളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കുക. സുരക്ഷിത സ്ഥാനത്തേക്ക് മാറിനിൽക്കുക.

3- ശക്തമായ മഴയും ഇടിമിന്നലും ഉളളപ്പോൾ ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, മിക്സി. വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ ഹീറ്റർ, തേപ്പ്പെട്ടി മുതലായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. പ്ലഗിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതിൽ നിന്ന് ഊരിയിടുക.

4- വൈദ്യുതി പോസ്റ്റുകളിലും സ്റ്റേവയറിലും കന്നുകാലികളെയോ, അഴയോ കെട്ടരുത്.

5- വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹവസ്തുക്കൾ ഉപയോഗിച്ചുളള തോട്ടികൾ/ഏണികൾ എന്നിവ ഉപയോഗിക്കരുത്.

6- മരങ്ങളോ, ശിഖരങ്ങളോ വീണ് വൈദ്യുതി കമ്പികൾ താഴ്ന്ന് കിടക്കുന്നതോ പോസ്റ്റുകൾ ഒടിഞ്ഞുകിടക്കുന്നതോ ആയ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുളള കെ.എസ്.ഇ.ബി ഓഫീസിലോ 9496061061 എന്ന എമർജൻസി നമ്പറിലോ വിളിച്ച് അറിയിക്കുക.

7- ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്നതും വീഴാറായതുമായ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്നതിന് വൈദ്യുതി ബോർഡ് ജീവനക്കാരുമായി സഹകരിക്കുക.