മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കർമപരിപാടിയുമായി ജില്ലാ ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്ലാന്റേഷൻ ഉടമകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നിലവിലെ സാഹചര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി എ.പി.ജെ ഹാളിൽ യോഗം ചേർന്നു. പകർച്ച വ്യാധികൾ കാര്യക്ഷമമായി തടയുകയും മരണം ഇല്ലാതാക്കുകയുമാണ് പ്രധാന ലക്ഷ്യം. 50 കുടുംബങ്ങൾക്ക് ഒരു ആരോഗ്യ പ്രവർത്തകർ എന്ന ആനുപാതം കാര്യക്ഷമമാക്കാൻ ജില്ലാ കളക്ടർ നിർദേശം നല്കി. വാർഡു തലത്തിൽ ശുചിത്വ സമിതി ചേരാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ യോഗം ചേരണം. ശുചിത്വ സമിതികളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച തുക ഉപയോഗിക്കാത്ത സാഹചര്യം ഗുരുതരമായ പിഴവാണെന്നും കളക്ടർ ശ്രദ്ധയിൽപ്പെടുത്തി.

വിവിധ മേഖലയിലെ ആരോഗ്യ വിഷയങ്ങൾ അതാത് വകുപ്പുകൾ സമയോചിതമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. കൂടാതെ ആവശ്യമായ പ്രതിരോധ മുന്നൊരുക്കങ്ങളും ചെയ്യണം. വാട്ടർ അതോറിട്ടി ശുദ്ധജലം ലഭ്യമാക്കണം. വിദ്യാലയങ്ങളോട് ശുചിത്വം പാലിക്കാനും പ്രത്യേക ശുചിത്വ ബോധവത്ക്കരണ അസംബ്ലി ചേരാനും നിർദേശിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പ് അയൽ സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണം. സന്നദ്ധ സംഘടകൾ, ക്‌ളബുകൾ എന്നിവരുടെ സഹകരണത്തോടെ ഡ്രൈ ഡേ, ശുചിത്വ ഹർത്താൽ എന്നിവ ആചരിക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ കുടുംബശ്രീ, ആശാവർക്കർമാർ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കും. മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലരാതെ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കാൻ ബോധവത്ക്കരണം ശക്തമാക്കും. മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങൾ മനസ്സിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണം. അയൽ സംസ്ഥാന തൊഴിലാളികൾക്കടക്കം അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങളും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും പ്ലാന്റേഷൻ പ്രതിനിധികൾക്ക് യോഗം കർശന നിർദേശം നൽകിയിട്ടുണ്ട്.

2019-ൽ ജില്ലയിൽ ഇതുവരെ റിപോർട്ട് ചെയ്ത മരണം 14 ആണ്. നാലുപേർ പനി ബാധിച്ചു മരിച്ചപ്പോൾ ബാക്കിയുള്ളവർ വിവിധ പകർച്ചവ്യാധികളാലും മരിച്ചു. രണ്ടുപേർ വീതം എലിപ്പനി, എച്ച് വൺ എൻവൺ, ചെള്ള് പനി, കുരങ്ങുപനി എന്നിവ ബാധിച്ചും ഓരോ ആൾ വീതം ചിക്കൻഫോക്‌സും ഹെപറ്റൈറ്റ്‌സ് ബിയും ബാധിച്ചു മരിച്ചു. ഈ വർഷം ഇതുവരെ 60,082 പനി കേസുകളും 10,742 വയറിളക്ക കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്.
2018-ൽ ആകെ റിപോർട്ട് ചെയ്തത് 14 മരണങ്ങളായിരുന്നു. ഇതിൽ ഏഴു പേർ എലിപ്പനി മൂലമാണ് മരിച്ചത്. കഴിഞ്ഞ മഹാപ്രളയത്തിൽ ജില്ലയിലെ മിക്ക സ്ഥലങ്ങളും വെള്ളക്കെട്ടിലായിരുന്നു. ഈ സാഹചര്യത്തിൽ മഴക്കാല പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. നൂന മർജ, മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹീം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്ലാന്റേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.