കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുള്ളവരുമായ ശുപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒ.ഇ.സി)മാത്രം, മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. 2019 മാർച്ചിൽ നാലാം ക്ലാസ്സ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടുകയും ചെയ്ത മുൻഗണനാ വിഭാഗത്തിലെ കുടുംബങ്ങളിലെ വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സ് വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും. അഞ്ച് മുതൽ ഏഴുവരെ ക്ലാസ്സുകളിൽ പ്രതിവർഷം 3000 രൂപയും എട്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പ്രതിവർഷം 4000 രൂപയുമാണ് സ്‌കോളർഷിപ്പ്. കൂടാതെ എല്ലാ വർഷവും കരിയർ ഗൈഡൻസ്, അഭിരുചി നിർണ്ണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലൈ 15ന് വൈകുന്നേരം അഞ്ചിന് മുമ്പ് പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, കോട്ടയം – 686 001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ നിന്നും  ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0481 – 2564304.