മൂട്ടിപ്പഴമെന്ന അപൂര്‍വ ഔഷധ സസ്യത്തിന്റെ രുചിയറിയുവാന്‍ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍  വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയില്‍ ബേബി എബ്രഹാമിന്റെ കൃഷിയിടത്തില്‍ എത്തി.  തിരുവനന്തപുരം ഇടുക്കി വയനാട് എന്നീ ജില്ലകളിലെ വനാന്തരങ്ങളില്‍ വ്യാപകമായി വളരുന്ന ഇവ കൃഷി ചെയ്യുന്നത് ആദ്യമായാണ് എന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. തോരാതെ പെയ്ത മഴയെ അവഗണിച്ച് കൃഷി മന്ത്രി എത്തിയത് കാണുവാന്‍ ധാരാളം നാട്ടുകാരും ബേബിയുടെ കൃഷിയിടത്തില്‍ തടിച്ചുകൂടി. ഇക്തസമ്മര്‍ദ്ദം, അമിത കൊളെസ്‌ട്രോള്‍ എന്നിങ്ങനെയുള്ള   പ്രശ്നങ്ങള്‍ക്കു മികച്ചതാണ് മൂട്ടിപ്പഴം.  പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെ ഫലവൃക്ഷത്തെ പരിപാലിക്കുന്നത്.

കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളര്‍ത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ്  ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി  സുനില്‍ കുമാര്‍ പറഞ്ഞു. നേര്യമംഗലം ഫാമില്‍  100 തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതില്‍ 6 മരങ്ങളാണ് കായ്ക്കുന്നത്. തൈ നാട്ടുകഴിഞ്ഞാല്‍ 4 വര്‍ഷം കൊണ്ട് കായ്ക്കുമെന്ന് കര്‍ഷകര്‍ക്ക്  ബേബി ഉറപ്പുനല്കുന്നു. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്. മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ. സി.ആര്‍ എല്‍സി മൂട്ടിപ്പഴമരം  പരിശോധിച്ചിരുന്നു. ഇതിന്റെ തൈ മന്ത്രിയ്ക്ക് ബേബി നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ കൃഷി നേരില്‍ കാണാന്‍ മന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

ഇളംദേശം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടീന എബ്രഹാം, ജില്ലാ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍, കാര്‍ഷിക യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ സി.ആര്‍ എല്‍സി, കൃഷി ഓഫീസര്‍ പിന്റു റോയ് വട്ടക്കുന്നേല്‍, പഞ്ചായത്ത് മെമ്പര്‍ ജഗദമ്മ വിജയന്‍, വിവിധ രാഷ്ട്രീയ പ്രമുഖരായ കെ.കെ ശിവരാമന്‍, പി.എം അബ്ബാസ്, അനില്‍ പയ്യാനിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.