ജില്ല കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള കര്‍ഷകക്ഷേമനിധി ബില്ല് 2018 സെലക്ട് കമ്മിറ്റി അംഗങ്ങളുടെ യോഗം തൊടുപുഴ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടത്തി. സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമത്തിനായും   പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനായും വ്യവസ്ഥ ചെയ്തിരിക്കുന്ന  ബില്ല് പതിനാലാം കേരള നിയമസഭയുടെ 151 നമ്പര്‍ ബില്ലായി  2018 ജൂണ്‍ 1ലെ  ഗസറ്റില്‍  പ്രസിദ്ധീകരിക്കുകയുണ്ടായി.

ബില്ല് സംബന്ധിച്ച സൂക്ഷ്മ പഠനത്തിനായി 15 അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ളതാണ് സെലക്ട് കമ്മിറ്റി. സിറ്റിങ്ങില്‍ ബില്ലിന്റെ നിയമത്തെ സംബന്ധിച്ചും വ്യവസ്ഥകളെ സംബന്ധിച്ചും കര്‍ഷകരുടെയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ മന്ത്രി രേഖപ്പെടുത്തി.

ചിറ്റയം ഗോപകുമാര്‍, കെ സി ജോസഫ്, കെ കുഞ്ഞിരാമന്‍, മാത്യു ടി തോമസ്, പി കെ മുരളി, മുരളി പെരുനെല്ലി, സി കെ ശശീന്ദ്രന്‍, സണ്ണി ജോസഫ്, പി ഉബൈദുള്ള, കെ വി വിജയദാസ്, ഡോ എന്‍ ജയരാജ്, സി കെ നാണു, കെ രാജന്‍, സജി ചെറിയാന്‍, ജില്ലാ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രിന്‍സ് മാത്യു, രാധ കെ, രമ കെ നായര്‍, ബിജി തോമസ്, ബിജു പി മാത്യു തുടങ്ങിയവര്‍ സിറ്റിങ്ങില്‍ ഹാജരായി.

കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് സ്‌കീം 26 തരം വിളകളിലേക്കായി ഉയര്‍ത്തി. വിള ഇന്‍ഷുറന്‍സ് സ്‌കീം ക്യാമ്പയിന്‍ ജൂലൈയില്‍ ആരംഭിച്ചു. 3 രൂപ പ്രീമിയം ഉള്ള വാഴക്ക് നഷ്ടപരിഹാരം 300 രൂപയായി ഉയര്‍ത്തി. വന്യമൃഗ ആക്രമണങ്ങളാല്‍ ഉണ്ടാകുന്ന കൃഷിനാശത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് സ്‌കീം പുതുക്കിയിട്ടുണ്ട്.

ഒരു പഞ്ചായത്തില്‍ ഒരു ഓപ്പണ്‍  മാര്‍ക്കറ്റ് സ്‌കീമില്‍ അംഗമാകുന്നതിനുള്ള വരുമാന പരിധിയും ഭൂപരിധിയും  വര്‍ദ്ധിപ്പിക്കുക, തഹസില്‍ദാര്‍മാര്‍ കാര്‍ഷിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള  അനുമതി, ജൈവ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം, യുവതി യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സ്‌കീം, കൃഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക അംശാദായം അടയ്ക്കുന്ന പരിധി വിവിധ തട്ടുകളിലാക്കുമെങ്കില്‍ പെന്‍ഷന്‍ വിവിധ നിരക്കില്‍ നല്‍കാന്‍ കഴിയും തുടങ്ങിയ വിവിധ ആശയങ്ങളാണ് കര്‍ഷകരും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും നിര്‍ദേശിച്ചത്.

ജൂലൈ 26ന് വായനാട്ടില്‍  നടത്തുന്ന സിറ്റിങ്ങിനു ശേഷം ബില്ലിലെ വ്യവസ്ഥകള്‍ കുറ്റമറ്റതും കര്‍ഷകരുടെ ക്ഷേമത്തിന് ഉപകരിക്കുമാറ് എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തി കൂടുതല്‍ സമഗ്രവും പ്രായോഗികവുമാക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ അഭിപ്രായങ്ങള്‍ നല്‍കുന്നതിനായി  www.niyamasabha.org  എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം നിയമസഭ മന്ദിരത്തിലേക്കും അഭിപ്രായങ്ങള്‍ അയ്ക്കുവാനും മന്ത്രി പറഞ്ഞു.