കെട്ടിട നിർമ്മാണ അനുമതി, കെട്ടിട നമ്പറിങ്, ഒക്യുപെൻസി അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ജില്ലാതല അദാലത്തിൽ ആകെ ലഭിച്ചത് 116 അപേക്ഷകൾ. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകളിൽ 35 അപേക്ഷകൾ കെ.പി.ബി.ആർ ചട്ടലംഘനത്തിന്റെ ഭാഗമായി ക്രമവത്കരണത്തിന് ശുപാർശ നൽകി തീർപ്പാക്കി. 62 അപേക്ഷകളാണ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ ശുപാർശയക്ക് നൽകി തീർപ്പാക്കിയത്. കൂടാതെ ഒരു അപേക്ഷ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയ്ക്കും നിർദ്ദേശിച്ചു.
റോഡിൽനിന്ന് മൂന്നു മീറ്റർ അകലം പാലിക്കാതെ നിർമ്മാണം നടത്തിയ കെട്ടിടങ്ങൾ, തോട്ടഭൂമി, കേരള ലാൻഡ് റിഫോംസ് ആക്ട് പ്രകാരമുള്ള ഭൂമി എന്നിവയിൻമേൽ ലഭിച്ച 18 അപേക്ഷകൾ അദാലത്തിൽ നിരസിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ടിമ്പിൾ മാഗി, അസി. ടൗൺ പ്ലാനർ ടി.എൻ ചന്ദ്രബോസ്, എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ എം.എസ് ദിലീപ്, കൃഷി ഓഫിസർ എസ് അജിത, കെ.എസ്.ഇ.ബി ട്രാൻസ് മിഷൻ എൻജിനീയർ അയ്യപ്പൻ, മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ ബിനു തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി.