കെല്ലൂർ-ചേര്യംകൊല്ലി-വിളമ്പുകണ്ടം-കമ്പളക്കാട് റോഡ്, ചുണ്ടേൽ-മേപ്പാടി-വടുവഞ്ചാൽ-ചോലാടി റോഡ് എന്നിവയുടെ 30 കോടിയുടെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തികൾ പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

കെല്ലൂർ മുതൽ കമ്പളക്കാട് വരെയുള്ള 14.50 കിലോമീറ്റർ റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപയും ചുണ്ടേൽ മുതൽ കാപ്പൻകൊല്ലി വരെയും മേപ്പാടി മുതൽ തിനപുരം വരെയുമുള്ള 15 കിലോമീറ്റർ റോഡിന് സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപയുമാണ് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചത്. ഒമ്പതു മാസമാണ് പൂർത്തീകരണ കാലാവധി. റോഡിന്റെ ഉപരിതലം ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവ ചെയ്ത് നവീകരിക്കും. ആവശ്യമായ സ്ഥലങ്ങളിൽ റോഡിന്റെ ഉപരിതലം ഉയർത്തുകയും ബലപ്പെടുത്തുകയും ചെയ്യും. ഓവുചാലുകൾ, സംരക്ഷണ ഭിത്തികൾ, ബസ് ബേകൾ എന്നിവയും റോഡ് സുരക്ഷയുടെ ഭാഗമായി സൈൻ ബോർഡുകൾ, റോഡ് മാർക്കിങ് എന്നിവയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചുണ്ടേലിൽ നടന്ന പരിപാടിയിൽ സി.കെ ശശീന്ദ്രൻ എംഎൽഎയും പള്ളിക്കുന്നിൽ നടന്ന ഉദ്ഘാടനത്തിന് ഒ.ആർ കേളു എംഎൽഎയും അധ്യക്ഷത വഹിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.