ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ പ്രസ്ഥാനമായി മാറാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കുടുംബശ്രീ അരങ്ങ് 2019ന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ജനതയുടെ വളര്‍ച്ചയുടെ അടിസ്ഥാനം എന്നു പറയുന്നത് സ്ത്രീ സംസ്‌കാരത്തിന്റെയും പദവിയുടെയും ഉയര്‍ച്ചയാണ്.

സ്ത്രീ പദവി ഉയര്‍ത്താനും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും സാധാരണക്കാരായ ജന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ജീവിത മാര്‍ഗങ്ങള്‍, പുതിയ തൊഴിലാവസരങ്ങള്‍ എന്നിവ കണ്ടെത്തി നല്‍കാനും കുടുംബശ്രീക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

അടുക്കളയില്‍ മാത്രം ഒതുങ്ങി നിന്ന ബഹുഭൂരിപക്ഷം സാധാരണ സ്ത്രീകളെയും മുന്‍ നിരയിലേക്ക് കൊണ്ട് വരാന്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിച്ചു. വലിയ പങ്കാളിത്തമുള്ള കാലമേളയാണ് അരങ്ങ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഡിയുജികെവൈ മൊബൈല്‍ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു.

2018- 19ലെ സംസ്ഥാന തല ബഡ്സ് ജേതാക്കളെ ചടങ്ങില്‍  ആദരിച്ചു. മല്ലപ്പള്ളി, റാന്നി, കോന്നി അടൂര്‍, കോഴഞ്ചേരി താലൂക്ക് തല അരങ്ങില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ  സി ഡി എസുകളെയും ചടങ്ങില്‍ അദരിച്ചു. വീണാ ജോര്‍ജ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഡോ. ഡി ബിജു എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

അരങ്ങ് 2019 ജില്ലാതല കലാമേളയില്‍  34 പോയിന്റുകളോടെ വള്ളിക്കോട് സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 പോയിന്റുകളോടെ വടശേരിക്കര  സിഡിഎസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആറു താലൂക്കുകളില്‍ നിന്നായി 500 ഓളം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.

അരങ്ങ് 2019ന്റെ ജില്ലാ തല മത്സരത്തില്‍ വ്യക്തിഗത ചാമ്പ്യാനായി പള്ളിക്കല്‍ സി ഡി എസിലെ ഷെഫീനയെ തെരഞ്ഞെടുത്തു.  14 സ്റ്റേജ് ഇനങ്ങളും അഞ്ച് രചനാ മത്സരങ്ങളുമാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. വിജയികളായവര്‍ പാലക്കാട് നടക്കുന്ന സംസ്ഥാനതല അരങ്ങ് 2019 ല്‍ മത്സരിക്കും.

കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവന്‍ അയല്‍കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് കലാമത്സരങ്ങള്‍ അയല്‍കൂട്ടതലം മുതല്‍  സംസ്ഥാന തലം വരെ  അരങ്ങ് 2019 എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കലാമത്സരങ്ങളിലൂടെ മികവ് തെളിയിക്കുന്ന ടീമിനെ സംരംഭ ഗ്രൂപ്പാക്കി മാറ്റി ഉപജീവനത്തിന് വേണ്ട പിന്തുണ നല്‍കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത, സി ഡി എസ് ചെയര്‍പേഴ്‌സന്‍ മോനി വര്‍ഗീസ്, അസിസ്റ്റന്‍ഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എ മണികണ്ഠന്‍, വി എച്ച് സലീന തുടങ്ങിയവര്‍ പങ്കെടുത്തു.