പുസ്തകങ്ങളുടെ കലവറയൊരുക്കി സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്മാര്‍ക്ക്. രണ്ടായിരത്തിലധികം ശീര്‍ഷകങ്ങള്‍ അണിനിത്തി കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍ സംഘടിപ്പിച്ച പുസ്തകമേളയില്‍ അക്ഷരപ്രേമികളുടെ നിറസാന്നിധ്യമാണുള്ളത്. 50 ശതമാനം വിലക്കിഴിവോടെ പഴയ പുസ്തകങ്ങളുടെ വലിയ  ശേഖരവും ഇവിടെയുണ്ട്.

സയന്‍സ് ഫിക്ഷന്‍, ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ജീവചരിത്രം, കഥ, കവിത, നവോത്ഥാന സംബന്ധിയായ പുസ്തകങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണം. വ്യത്യസ്ത മേഖലകളിലുള്ള കൃതികള്‍ക്കൊപ്പം ബാലസാഹിത്യ രചനകളുടെ ശേഖരവും മേളയുടെ ആകര്‍ഷണമാണ്.

പൗലോ കൊയ്‌ലോ കൃതികളുടെ  മലയാളം വിവര്‍ത്തനങ്ങളായ ചാരസുന്ദരിക്കും, ആല്‍കെമിസ്റ്റിനും ഇന്നുമുണ്ട് ആവശ്യക്കാര്‍. കെ. സുകുമാരന്റെ കഴിഞ്ഞകാല കേരളം, പി.കെ. ഗോപാലകൃഷ്ണന്റെ  കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊല്ലം ചരിത്രം, ഡ്രൈവിംഗ് മാന്വല്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കും പ്രിയമുണ്ട്. മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച നോവലുകളില്‍ ഉള്‍പ്പെടുന്ന എം. മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളും, എം.ടി വാസുദേവന്‍ നായരുടെ മഞ്ഞുമൊക്കെ തേടി തലമുറകള്‍ എത്തുന്നുമുണ്ട്.

കഥ – കവിയരങ്ങുകള്‍, പുസ്തക പ്രകാശനം, പുസ്തകചര്‍ച്ച എന്നിവയും മേളയുടെ ഭാഗമാണ്. സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമവേദി കൂടിയാണിവിടം.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പോളയത്തോട്ടിലുള്ള വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ബുക്മാര്‍ക്ക് ശാഖയുടെ ഉദ്ഘാടനം ഈ മാസം നടക്കും.