നോര്‍ക്ക റൂട്ട്‌സ് എന്നും  പ്രവാസികള്‍ക്കൊപ്പമെന്ന്  മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നോര്‍ക്ക പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യതാ നിര്‍ണയക്യാമ്പും തിരുവല്ല വി ജി എം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. രണ്ട് വര്‍ഷമെങ്കിലും പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് ആരംഭിക്കാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എം എല്‍ എ പറഞ്ഞു.

നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതി വന്‍ വിജയമാണെന്നും എം എല്‍ എ പറഞ്ഞു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുക, അത്തരക്കാര്‍ക്ക് സബ്‌സിഡി നല്‍കുക, ഒപ്പം ഇവരെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈത്താങ്ങ് നല്‍കുക, ഇവര്‍ക്ക് ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രവാസി പുനരധിവാസ പദ്ധതിയില്‍ (NDPREM) കീഴില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും  മാനേജ്‌മെന്റ്  പരിശീലന സ്ഥാപനമായ സി. എം. ഡി യും നോര്‍ക്ക റൂട്ട്‌സും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സംരംഭങ്ങള്‍ തുടങ്ങുന്നതിന് മൂലധന, പലിശ സബ്‌സിഡിയുളള വായ്പ ലഭ്യമാക്കും വിധമാണ്  വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും  അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി എം ഡിയുടെ സേവനവും ലഭ്യമാക്കിയിരുന്നു.

കാര്‍ഷിക, വ്യവസായം, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പ കൃഷി, തേനീച്ച വളര്‍ത്തല്‍, കച്ചവടം, വാഹനവായ്പ, ഉത്പാദനം – ചെയ്കിട-ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളിലൂന്നിയാണ് സഹായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിച്ചത്. അപേക്ഷകര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കുന്നതാണ്. 30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയില്‍ പരമാവധി മൂന്ന് ലക്ഷം രൂപ വരെ പദ്ധതിയില്‍ ലഭിക്കും. ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ്  ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങി പതിമൂന്ന് ധനകാര്യ സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

ആവശ്യ രേഖകളുമായി ഹാജരായ 309  പേരില്‍ 177 പേരെ നോര്‍ക്ക റൂട്ട്‌സിന്റെയും സി. എം. ഡിയുടേയും നേതൃത്വത്തില്‍  സ്‌ക്രീനിംഗ് നടത്തി. ഇതില്‍ നിന്നും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് യോഗ്യരെന്നു കണ്ടെത്തിയ 86 പേര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സ്  ശുപാര്‍ശ ചെയ്തു.

തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ഒ ബി തിരുവനന്തപുരം റീജണല്‍ അസി.ജനറല്‍ മാനേജര്‍ എസ് രമേശ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, സി എംഡി ഡയറക്ടര്‍ ഡോ ജി സുരേഷ്, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കോളശേരി തുടങ്ങിയവര്‍ പങ്കെടുത്തു