മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും 30 അംഗ സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെനിന്ന് 5 കുടുംബങ്ങളെ എംഇഎസ് ഫാത്തിമറഹിം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് മരുതിലാവില്‍ ഉരുള്‍പൊട്ടലുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതര മുതല്‍ അഞ്ചംഗ റവന്യു സംഘവും സൈന്യവും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഉച്ചക്ക് ശേഷം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാനായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും വഴിയും തകര്‍ന്നിരുന്നു. ഏറെ സമയത്തെ പ്രയത്‌നം കൊണ്ട് വൈകിട്ട് ആറോടെയാണ് റോഡ് നടക്കാന്‍ പാകത്തിലാക്കിയത്. ഈ ഭാഗത്തെ പുഴയുടെ ഒഴുക്കും സ്വാഭാവിക രീതിയിലാക്കി. വൈകിട്ട് അഞ്ച് മണിയോടെ സബ്കലക്ടര്‍ വി. വിഘ്‌നേശ്വരിയും സ്ഥലത്തെത്തിയിരുന്നു.

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനായി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ഫയര്‍ ഫോഴ്‌സും എത്തിയപ്പോഴായിരുന്നു ഉരുള്‍പൊട്ടല്‍. ശബ്ദം കേട്ട് ഓടിമാറിയതു കൊണ്ടാണ് സംഘം രക്ഷപ്പെട്ടത്.